---
title: "യോഗമില്ല മോനേ കഷ്ടം....! മുവാറ്റുപുഴ ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണം; മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാൻ തിരിച്ചെത്തിയ കള്ളൻ പിടിയിൽ"
english_title: "Muvattupuzha Bevco Theft Attempt Man Arrested Returning For Mobile Phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377155/muvattupuzha-bevco-theft-attempt-arrested-mobile-phone"
published_at: "2026-08-07T08:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754d3acec16_muvattupuzha-bevco-theft-attempt-arrested-mobile-phone.jpg"
keywords: ["Muvattupuzha Bevco Theft", "Kerala Police", "Arrest"]
---

# യോഗമില്ല മോനേ കഷ്ടം....! മുവാറ്റുപുഴ ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണം; മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാൻ തിരിച്ചെത്തിയ കള്ളൻ പിടിയിൽ

> **Lead Summary:** **മുവാറ്റുപുഴ ( എറണാകുളം) : ** മദ്യശാലയിൽ മോഷണത്തിന് ശ്രമിച്ച ശേഷം സ്വന്തം മൊബൈൽ ഫോൺ തിരികെ എടുക്കാൻ തിരിച്ചെത്തിയ കള്ളൻ പൊലീസിന്റെ കെണിയിൽ വീണു. കുര്യൻമല സ്വദേശി നൈസാബ് ആണ് അറസ്റ്റിലായത്. പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ചൊവ്വാഴ്ച രാത്രിയാണ് വെള്ളൂർക്കുന്നത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ മോഷണ ശ്രമം നടന്നത്.

## Article Content

**മുവാറ്റുപുഴ ( എറണാകുളം) : ** മദ്യശാലയിൽ മോഷണത്തിന് ശ്രമിച്ച ശേഷം സ്വന്തം മൊബൈൽ ഫോൺ തിരികെ എടുക്കാൻ തിരിച്ചെത്തിയ കള്ളൻ പൊലീസിന്റെ കെണിയിൽ വീണു. കുര്യൻമല സ്വദേശി നൈസാബ് ആണ് അറസ്റ്റിലായത്. പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ചൊവ്വാഴ്ച രാത്രിയാണ് വെള്ളൂർക്കുന്നത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ മോഷണ ശ്രമം നടന്നത്.

രണ്ടാം നിലയിലുള്ള ഔട്ട്ലെറ്റിലേക്ക് കയറാൻ പ്രതി ഇരുമ്പ് ഗോവണി ഉപയോഗിച്ചു. കയറുന്നതിനിടെ ജീൻസ് അഴിച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് മുകളിലേക്ക് പോയത്. ജീൻസിന്റെ പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോണും ഗോവണിയിൽ തന്നെ ഉപേക്ഷിച്ചു. താഴ് ആയുധം ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും മോഷണം നടത്താൻ സാധിച്ചില്ല.

ബുധനാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് പൂട്ട് പൊളിക്കാൻ ശ്രമിച്ചതിന്റെ പാടുകളും ഗോവണിയിൽ ജീൻസും മൊബൈലും കിടക്കുന്നതും കണ്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് മുവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി വസ്ത്രവും ഫോണും കസ്റ്റഡിയിലെടുത്തു. ശേഷം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. ഉച്ചയോടെ ഫോൺ എടുക്കാനായി പ്രതി തിരിച്ചെത്തിയപ്പോൾ പൊലീസ് കൈയോടെ പിടികൂടി. അതിക്രമിച്ച് കടന്നതിനും മോഷണശ്രമത്തിനും നൈസാബിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377155/muvattupuzha-bevco-theft-attempt-arrested-mobile-phone)