---
title: "വനിതാ ജീവനക്കാർക്ക് ആശ്വാസം! ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി"
english_title: "Kerala High Court 45 Days Paid Leave Hysterectomy Contract Women Employees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377149/kerala-hc-45-days-paid-leave-hysterectomy-contract-women"
published_at: "2026-08-07T07:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7541bd9b2b1_kerala-hc-45-days-paid-leave-hysterectomy-contract-women.jpg"
keywords: ["Kerala High Court", "Hysterectomy Leave", "Contract Employees", "Women Rights", "KSR Rules"]
---

# വനിതാ ജീവനക്കാർക്ക് ആശ്വാസം! ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി

> **Lead Summary:** **കൊച്ചി: **കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് ശമ്പളത്തോടെയുള്ള 45 ദിവസത്തെ അവധി ലഭിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി.സി. മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ സുപ്രധാന വിധി.

## Article Content

**കൊച്ചി: **കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് ശമ്പളത്തോടെയുള്ള 45 ദിവസത്തെ അവധി ലഭിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി.സി. മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ സുപ്രധാന വിധി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഇവർ നൽകിയ മെഡിക്കൽ അവധി അപേക്ഷ സർക്കാർ നേരത്തെ തള്ളിയിരുന്നു. കരാർ ജീവനക്കാർക്ക് പ്രസവാവധി ലഭിക്കുമെങ്കിലും ഹിസ്റ്റെറെക്ടമിക്ക് കെഎസ്ആർ ചട്ടം 101എ പ്രകാരമുള്ള ആനുകൂല്യം നൽകാനാവില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

എന്നാൽ ഇത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രസവാവധിയും ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ സമാന സ്വഭാവമുള്ള ശസ്ത്രക്രിയയ്ക്ക് അവധി നിഷേധിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഗണിച്ചുള്ള ആനുകൂല്യം അവർ കരാർ ജീവനക്കാരാണെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

2021ൽ പ്രസവാവധി സംബന്ധിച്ച ആനുകൂല്യം കരാർ ജീവനക്കാർക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയയ്ക്കും സമാനമായ 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹർജിക്കാരുടെ അവധി അപേക്ഷ നാല് മാസത്തിനകം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനും സർക്കാരിന് കോടതി നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377149/kerala-hc-45-days-paid-leave-hysterectomy-contract-women)