---
title: "യെമനിൽ ഹൂതി ആക്രമണം; വെടിനിർത്തൽ ലംഘിച്ച് 30 പേർ കൊല്ലപ്പെട്ടു"
english_title: "Yemen Houthi Attack Kills 30 Violates Ceasefire Marib Hadhramaut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377134/yemen-houthi-attack-30-killed-ceasefire-violation-marib-hadhramaut"
published_at: "2026-08-06T22:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74c50347a37_yemen-houthi-attack-30-killed-ceasefire-violation-marib-hadhramaut.jpg"
keywords: ["Yemen Houthi Attack", "Ceasefire", "Marib", "Hadhramaut", "Emergency Forces"]
---

# യെമനിൽ ഹൂതി ആക്രമണം; വെടിനിർത്തൽ ലംഘിച്ച് 30 പേർ കൊല്ലപ്പെട്ടു

> **Lead Summary:** **യെമൻ: **യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 2022ന് ശേഷം രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം.

## Article Content

**യെമൻ: **യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 2022ന് ശേഷം രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം.

മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആക്രമണത്തെ യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘വഞ്ചനാപരമായ ആക്രമണം’ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് അദ്ദേഹം വെളിപ്പെടുത്തിയില്ല. ആക്രമണത്തെ അപലപിച്ച് യെമനിലെ യുഎസ് എംബസിയും രംഗത്തെത്തി. സാധാരണക്കാരുടെയും സൈനികരുടെയും ജീവന് ഭീഷണിയായ ഈ നടപടി സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. നിരവധി സൈനിക ക്യാമ്പുകൾ, സൈനിക താവളങ്ങൾ, ആയുധ-വെടിക്കോപ്പു ശേഖരങ്ങൾ എന്നിവ തകർത്തതായും കിഴക്കൻ യെമനിലെ സൈനിക വാഹനങ്ങൾ നശിപ്പിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായവും വസ്തുനാശവും ഉണ്ടായതായി എമർജൻസി ഫോഴ്‌സ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഹൂതികളുടെ അവകാശവാദത്തോട് യെമൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377134/yemen-houthi-attack-30-killed-ceasefire-violation-marib-hadhramaut)