---
title: "ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ആശാനേ ...? ഓറഞ്ച് അലേർട്ട് ലംഘിച്ച് സിപ് ലൈൻ പ്രവർത്തിപ്പിച്ചു; എംഎം ലംബോദരന്റെ സ്ഥാപനം പൂട്ടിച്ച് അധികൃതർ "
english_title: "Idukki Zip Line Shut Down For Violating Orange Alert MM Lambodaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377133/idukki-adimali-zip-line-shut-orange-alert-violation"
published_at: "2026-08-06T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74c1e69378a_idukki-adimali-zip-line-shut-orange-alert-violation.jpg"
keywords: ["Adimali Zip Line", "Orange Alert", "MM Lambodaran", "Disaster Management Act"]
---

# ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ആശാനേ ...? ഓറഞ്ച് അലേർട്ട് ലംഘിച്ച് സിപ് ലൈൻ പ്രവർത്തിപ്പിച്ചു; എംഎം ലംബോദരന്റെ സ്ഥാപനം പൂട്ടിച്ച് അധികൃതർ 

> **Lead Summary:** **ഇടുക്കി: ** ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ദിവസം നിരോധന ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച അടിമാലിയിലെ സിപ് ലൈൻ ജില്ലാ ഭരണകൂടം പൂട്ടിച്ചു. ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന സിപ് ലൈനിനെതിരെയാണ് നടപടി. മുതിർന്ന സിപിഐഎം നേതാവ് എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനാണ് സിപ് ലൈനിന്റെ ഉടമ.

## Article Content

**ഇടുക്കി: ** ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ദിവസം നിരോധന ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച അടിമാലിയിലെ സിപ് ലൈൻ ജില്ലാ ഭരണകൂടം പൂട്ടിച്ചു. ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന സിപ് ലൈനിനെതിരെയാണ് നടപടി. മുതിർന്ന സിപിഐഎം നേതാവ് എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനാണ് സിപ് ലൈനിന്റെ ഉടമ.

സംഭവത്തിൽ ലംബോദരന്റെ ഭാര്യയുടെ പേരിലാണ് സിപ് ലൈൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുരന്ത നിവാരണ നിയമം ലംഘിച്ചതിന് ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഓഗസ്റ്റ് 3നാണ് സിപ് ലൈൻ പ്രവർത്തിപ്പിച്ചത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സാഹസിക വിനോദങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നതാണ്.

എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സിപ് ലൈൻ പ്രവർത്തിപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സിപ് ലൈൻ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം ഉത്തരവിൽ വ്യക്തമാക്കി. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റോഡരികിൽ പ്രവർത്തിക്കുന്ന സിപ് ലൈൻ പുനരാരംഭിക്കാൻ അനുമതിയുള്ളൂ.

കഴിഞ്ഞ വർഷവും നിരോധന ഉത്തരവ് മറികടന്ന് ലംബോദരന്റെ സിപ് ലൈൻ പ്രവർത്തിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. സർക്കാർ മാറിയ സാഹചര്യത്തിലാണ് ഇത്തവണ കർശന നടപടി ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. നിരോധനം പ്രഖ്യാപിച്ച ദിവസങ്ങളിലെല്ലാം സിപ് ലൈൻ പ്രവർത്തിച്ചിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377133/idukki-adimali-zip-line-shut-orange-alert-violation)