---
title: "സ്പായിലെ പരിചയം, യുവതി ഭാര്യയ്ക്ക് സ്വകാര്യദൃശ്യങ്ങൾ അയച്ചതോടെ പകയായി; പെൺവേഷം കെട്ടി കൊല്ലാനെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "Thrissur Guruvayur Woman Dress Attack Plot Arrest 5 Accused Love Affair Revenge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377132/thrissur-guruvayur-woman-dress-attack-case-5-arrested"
published_at: "2026-08-06T22:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74bf05bf052_thrissur-guruvayur-woman-dress-attack-case-5-arrested.jpg"
keywords: ["Guruvayur Crime News", "Attack Case", "Woman Dress", "Love Affair", "Revenge"]
---

# സ്പായിലെ പരിചയം, യുവതി ഭാര്യയ്ക്ക് സ്വകാര്യദൃശ്യങ്ങൾ അയച്ചതോടെ പകയായി; പെൺവേഷം കെട്ടി കൊല്ലാനെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** തൃശൂർ: പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം തകർന്നതാണ് പ്രതികാര ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. തൊടുപുഴ സ്വദേശിയായ പ്രസാദാണ് കേസിലെ പ്രധാന പ്രതി.

## Article Content

തൃശൂർ: പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം തകർന്നതാണ് പ്രതികാര ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. തൊടുപുഴ സ്വദേശിയായ പ്രസാദാണ് കേസിലെ പ്രധാന പ്രതി.

ഭാര്യ വിദേശത്തുള്ള പ്രസാദ് സ്പായിൽ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ ഇരുവർക്കുമിടയിൽ തർക്കമുണ്ടാവുകയും യുവതി ബന്ധം അവസാനിപ്പിച്ച് ഗുരുവായൂരിലേക്ക് പോവുകയും ചെയ്തു.

ഇതിനിടെ യുവതി പ്രസാദിന്റെ ഭാര്യയുമായി പരിചയം സ്ഥാപിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസാദുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ദൃശ്യങ്ങളും യുവതി ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഇത് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് വഴിവെച്ചു. ഇതോടെ പ്രതികാരത്തിനിറങ്ങിയ പ്രസാദ് യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.

യുവതിയുടെ പുതിയ ജോലിയും താമസസ്ഥലവും കണ്ടെത്താൻ വേണ്ടിയാണ് പ്രസാദ് പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയത്. ഒപ്പം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ നാലുപേരും ഉണ്ടായിരുന്നു. താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ സംഘത്തെ ഗുരുവായൂരിലെ ലോഡ്ജിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കാറിൽനിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെത്തി. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.

അറസ്റ്റിലായവർ: തൊടുപുഴ മുട്ടം ചോലമാട്ടത്തിൽ പ്രസാദ് (43), ഒറ്റപ്ലാക്കൽ ആദർശ് (23), തോട്ടുകര തെങ്ങിൽ ഷാഹിദ് (24), കാരക്കുന്നേൽ സ്റ്റീഫൻ (32), ഇടുക്കി മാത്തപ്പാറ തൈപ്പറമ്പിൽ ബിനീഷ് (30).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377132/thrissur-guruvayur-woman-dress-attack-case-5-arrested)