---
title: "കാപ്പാ കേസ് കുറ്റവാളിക്ക് രക്ഷയില്ല! യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആദിത്യന് ആറ് വർഷം കഠിനതടവ്"
english_title: "Haripad Attack Case 6 Years Rigorous Imprisonment For First Accused Adithya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377129/haripad-attack-case-adithya-sentenced-6-years-rigorous-imprisonment"
published_at: "2026-08-06T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74b983b44a2_haripad-attack-case-adithya-sentenced-6-years-rigorous-imprisonment.jpg"
keywords: ["Alappuzha Attack Case", "Murder Attempt Case", "Additional Sessions Court"]
---

# കാപ്പാ കേസ് കുറ്റവാളിക്ക് രക്ഷയില്ല! യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആദിത്യന് ആറ് വർഷം കഠിനതടവ്

> **Lead Summary:** **ഹരിപ്പാട്: ** ആലപ്പുഴയിൽ യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 6 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുമാരപുരം താമല്ലാക്കൽ തെക്കുമുറിയിൽ ആദിത്യനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് ശിക്ഷിച്ചത്.

## Article Content

**ഹരിപ്പാട്: ** ആലപ്പുഴയിൽ യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 6 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുമാരപുരം താമല്ലാക്കൽ തെക്കുമുറിയിൽ ആദിത്യനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് ശിക്ഷിച്ചത്.

മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് ആദിത്യന് ഈ കേസിലും ശിക്ഷ ലഭിച്ചത്. 2016 ജൂൺ 28-ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുമാരപുരം ഹെൽത്ത് സെന്ററിന് സമീപം റോഡിൽ നിൽക്കുകയായിരുന്ന കുമാരപുരം സ്വദേശികളായ വിഷ്ണു, ശ്രീജിത്ത്, ശിവൻ എന്നിവരെ ബൈക്കിലെത്തിയ ആദിത്യനും രണ്ടാം പ്രതി കായൽവാരത്ത് വീട്ടിൽ കിഷോറും ചേർന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ വിഷ്ണുവിന്റെ ഇടതുവാരിയെല്ലിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്നവരുടെ വിരലുകൾക്കും മുറിവേറ്റു. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. പലതവണ കാപ്പാ നടപടികൾക്ക് വിധേയരായിട്ടുള്ളവരാണ് കേസിലെ പ്രതികൾ.

രണ്ടാം പ്രതി കിഷോർ ഒളിവിലായതിനാൽ ഇയാളുടെ വിചാരണ പിന്നീട് നടക്കും.ഹരിപ്പാട് എസ്.ഐ എസ്.എസ്. ബൈജു, എ.എസ്.ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ഷാരി ഹാജരായി. എസ്.സി.പി.ഒ ബാൽരാജ്, സി.പി.ഒ സി. അമൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377129/haripad-attack-case-adithya-sentenced-6-years-rigorous-imprisonment)