---
title: "കനത്ത മഴ; കണ്ണൂരിലും അവധി, സംസ്ഥാനത്തെ ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Kerala Heavy Rain Holiday 6 Districts Schools Colleges Closed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377125/kerala-heavy-rain-6-districts-school-holiday-august"
published_at: "2026-08-06T21:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7090812ddfa_kerala-rain-holiday-malappuram-pathanamthitta-education-closed.jpg"
keywords: ["Kerala Rain", "School Holiday", "Orange Alert"]
---

# കനത്ത മഴ; കണ്ണൂരിലും അവധി, സംസ്ഥാനത്തെ ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി ബാധകം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി ബാധകം.

**കണ്ണൂർ**

ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

**വയനാട്**

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല. അവിടെയുള്ള വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ കർശനമായി ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

**ആലപ്പുഴ**

അതിശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നതിനാൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി. വെള്ളിയാഴ്ച പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി നൽകിയതായി ജില്ലാ കലക്ടർ ഷാജി വി. നായർ അറിയിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

**കോട്ടയം**

പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

**കാസർകോട്**

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ നടപടിയായി ഓഗസ്റ്റ് 7 ന് അവധി പ്രഖ്യാപിച്ചു. കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

**പത്തനംതിട്ട**

ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377125/kerala-heavy-rain-6-districts-school-holiday-august)