---
title: "'ചായ കുടിച്ചിട്ട് കാശ് തന്നില്ല', ചോദിച്ച വയോധികന്റെ തട്ടുകട അടിച്ചുതകർത്തു; പറവണ്ണയിൽ കാപ്പാ കേസ് പ്രതി അറസ്റ്റിൽ"
english_title: "Malappuram Tea Shop Vandalized Over Bill KAAPA Accused Arrested Paravanna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377123/malappuram-paravanna-tea-shop-vandalized-kaapa-accused-arrested"
published_at: "2026-08-06T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74b0327ac69_malappuram-paravanna-tea-shop-vandalized-kaapa-accused-arrested.jpg"
keywords: ["Malappuram Tea Shop Attack", "KAAPA", "Arrest", "Tirur Police"]
---

# 'ചായ കുടിച്ചിട്ട് കാശ് തന്നില്ല', ചോദിച്ച വയോധികന്റെ തട്ടുകട അടിച്ചുതകർത്തു; പറവണ്ണയിൽ കാപ്പാ കേസ് പ്രതി അറസ്റ്റിൽ

> **Lead Summary:** **പറവണ്ണ (മലപ്പുറം): ** ചായയുടെ കാശ് ചോദിച്ചതിന് തട്ടുകട അടിച്ചുതകർത്ത കേസിൽ കാപ്പാ കേസ് പ്രതി അറസ്റ്റിൽ. മലപ്പുറം പറവണ്ണ അങ്ങാടിയിൽ രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തുന്ന 65 കാരന്റെ കടയാണ് അക്രമികൾ നശിപ്പിച്ചത്.

## Article Content

**പറവണ്ണ (മലപ്പുറം): ** ചായയുടെ കാശ് ചോദിച്ചതിന് തട്ടുകട അടിച്ചുതകർത്ത കേസിൽ കാപ്പാ കേസ് പ്രതി അറസ്റ്റിൽ. മലപ്പുറം പറവണ്ണ അങ്ങാടിയിൽ രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തുന്ന 65 കാരന്റെ കടയാണ് അക്രമികൾ നശിപ്പിച്ചത്.

പറവണ്ണ മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലാണ് വ്യാഴാഴ്ച രാത്രി സംഭവം. ചായ കുടിച്ച ശേഷം കാശ് നൽകാതെ പോകാൻ ശ്രമിച്ച പറവണ്ണ സ്വദേശി മരക്കാർക്കണ്ടി വീട്ടിൽ റബീഹ് (27) നോട് കടയുടമ പണം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കടയിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.

കടയിലുണ്ടായിരുന്ന പലഹാരങ്ങൾ, ഗ്ലാസുകൾ, കസേരകൾ എന്നിവയെല്ലാം ഇയാൾ അടിച്ചു പൊട്ടിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. റബീഹ് നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണെന്ന് തിരൂർ പൊലീസ് പറഞ്ഞു. കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ് ഇയാൾ.

പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു, കെ. മണികണ്ഠൻ, ടി. നസീർ, സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, ടോണി, ആഷിഷ് സ്റ്റീഫൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377123/malappuram-paravanna-tea-shop-vandalized-kaapa-accused-arrested)