---
title: " സിസിടിവി എല്ലാം കണ്ടു ...! ക്ഷേത്രത്തിൽ നിന്ന് വിളക്കും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ 24 മണിക്കൂറിനുള്ളിൽ പിടിയിൽ"
english_title: "Thief Arrested for Stealing Temple Lamps and Utensils in Kattakada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377116/kattakada-temple-theft-deepu-arrested-malayinkeezhu-police"
published_at: "2026-08-06T20:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a53c25026_kattakada-temple-theft-deepu-arrested-malayinkeezhu-police.jpg"
keywords: ["Temple Theft", "Thief Arrest", "Thiruvananthapuram News"]
---

#  സിസിടിവി എല്ലാം കണ്ടു ...! ക്ഷേത്രത്തിൽ നിന്ന് വിളക്കും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: കാട്ടക്കടയിലെ ക്ഷേത്രത്തിൽ നിന്ന് വിളക്കും പൂജാ ഉപകരണങ്ങളും മോഷ്ടിച്ച പ്രതിയെ മലയിൻകീഴ് പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. വിളവൂർക്കൽ പെരുഞാഴി വീട്ടിൽ ദീപു ആണ് അറസ്റ്റിലായത്.

## Article Content

തിരുവനന്തപുരം: കാട്ടക്കടയിലെ ക്ഷേത്രത്തിൽ നിന്ന് വിളക്കും പൂജാ ഉപകരണങ്ങളും മോഷ്ടിച്ച പ്രതിയെ മലയിൻകീഴ് പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. വിളവൂർക്കൽ പെരുഞാഴി വീട്ടിൽ ദീപു ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലിനാണ് മലയിൻകീഴ് പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനകത്ത് സൂക്ഷിച്ചിരുന്ന 4 നില വിളക്ക്, ഓട്ടുരുളി, ശംഖ് എന്നിവയാണ് ദീപു മോഷ്ടിച്ചത്.

പിറ്റേന്ന് രാവിലെ ക്ഷേത്ര നട തുറന്നപ്പോൾ സാധനങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.

പരാതി ലഭിച്ച ഉടൻ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ദൃശ്യങ്ങളിൽ സംശയാസ്പദമായി കണ്ട ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ദീപുവാണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ റെയ്ഡിൽ ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മോഷണം സമ്മതിച്ച പ്രതി, മോഷ്ടിച്ച സാധനങ്ങൾ കാട്ടാക്കടയിലെ ഒരു ആക്രിക്കടയിൽ വിറ്റതായി മൊഴി നൽകി. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആക്രിക്കടയിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തു.

മലയിൻകീഴ്, പൂജപ്പുര, ഫോർട്ട്, ആലപ്പുഴ എന്നിവിടങ്ങളിൽ നേരത്തെയും മോഷണ കേസുകളിൽ ദീപു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാൾ ക്ഷേത്രങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്.

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്ഷേത്രത്തിൽ അതിവേഗം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയ പൊലീസ് നടപടിയെ നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377116/kattakada-temple-theft-deepu-arrested-malayinkeezhu-police)