---
title: "'ഏഴ് ദിവസമായി മകനെ കാത്തിരിക്കുന്നു, എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു'; തിരച്ചിൽ തൃപ്തികരമല്ല, നീണ്ടകരയില്‍ കാണാതായ ഗൗതമിന്റെ അമ്മ"
english_title: "Mother Protests at Neendakara Coastal Police Station Demanding Search for Missing Son Gautham Krishna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377094/neendakara-mother-protest-search-gautham-krishna-missing-boat-new"
published_at: "2026-08-06T18:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748ca2d7997_neendakara-mother-protest-search-gautham-krishna-missing-boat.jpg"
keywords: ["Kerala Rain", "Missing Fisherman", "Coastal Police", "Gautham Krishna Missing"]
---

# 'ഏഴ് ദിവസമായി മകനെ കാത്തിരിക്കുന്നു, എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു'; തിരച്ചിൽ തൃപ്തികരമല്ല, നീണ്ടകരയില്‍ കാണാതായ ഗൗതമിന്റെ അമ്മ

> **Lead Summary:** കൊല്ലം: കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ. തിരച്ചില്‍ തൃപ്തികരമല്ലെന്നാണ് പരാതി. എസിപിയുമായിട്ടുള്ള ചര്‍ച്ചയില്‍ തീരുമാനം ആകാത്തതോടെ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രേഷ്മ പ്രതിഷേധം തുടരുകയാണ്.

## Article Content

കൊല്ലം: കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ. തിരച്ചില്‍ തൃപ്തികരമല്ലെന്നാണ് പരാതി. എസിപിയുമായിട്ടുള്ള ചര്‍ച്ചയില്‍ തീരുമാനം ആകാത്തതോടെ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രേഷ്മ പ്രതിഷേധം തുടരുകയാണ്.

ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അതുവരെ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുമെന്നും രേഷ്മ പറഞ്ഞു. സ്‌കൂബ ടീമിനെ ഉള്‍പ്പെടെ ഇറക്കി തിരച്ചില്‍ നടത്തണണമെന്നാണ് രേഷ്മയുടെ ആവശ്യം.

മൂന്നുപേരെ നഷ്ടപ്പെട്ട ഒരു വീട്ടില്‍ നിന്ന് ഒരമ്മ വന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏഴാമത്തെ ദിവസം മാത്രമാണ് ഭരണകൂടം ഉണര്‍ന്നത്. ഓരോന്ന് ആലോചിച്ച് എനിക്ക് ഭ്രാന്ത് പിടിക്കുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് രേഷ്മ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഇതുപോലൊരു അപകടത്തില്‍ അച്ഛനേയും ഭര്‍ത്താവിനേയും നഷ്ടമായതാണെന്നും അവരുടെ മരണത്തിന്റെ ചടങ്ങുകള്‍ നടക്കുമ്പോള്‍ മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥ തന്റെ സമനില തെറ്റിക്കുകയാണെന്നാണ് വേദനയോടെ രേഷ്മ വിശദീകരിക്കുന്നത്.

ഗൗതത്തിനെ കണ്ടെത്താനായി നാളെ രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ രേഷ്മയ്ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. വിദഗ്ധ സംഘമാണ് തിരച്ചില്‍ നടത്തുക.

എല്ലാ വിധത്തിലുള്ള തിരച്ചില്‍ ശ്രമങ്ങളും നടക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി വി എ അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. സാധാരണ നടക്കാറുള്ള പരിശോധനകള്‍ നടന്നെന്നും വൈദഗ്ധ്യം ഉള്ളവരുടെ സേവനം ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377094/neendakara-mother-protest-search-gautham-krishna-missing-boat-new)