---
title: "ലേശം ഓവറായി...! മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദ്ദിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ"
english_title: "2 Forest Officials Suspended in Nilambur for Assaulting Colleagues in Drunken State"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377087/nilambur-forest-officials-suspended-assault-drunk"
published_at: "2026-08-06T17:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a747c8b0f07b_nilambur-forest-officials-suspended-assault-drunk.jpg"
keywords: ["Nilambur Forest", "Drunk Attack", "Forest Department", "Suspension"]
---

# ലേശം ഓവറായി...! മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദ്ദിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ

> **Lead Summary:** മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

## Article Content

മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് (ഡി.എഫ്.ഒ) സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്ന അജികുമാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന സഹപ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റത് എസ്.എഫ്.ഒമാരായ കെ.സി. സന്തോഷ്, വി. മനോജ്, പി. ചന്ദ്രൻ, ദിവസവേതന വാച്ചറായ രതീഷ് എന്നിവരാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം ഈ അക്രമത്തിന് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ടിജോ ജോസഫ് ഒത്താശ ചെയ്യുകയും കൂട്ടുനിൽക്കുകയും ചെയ്തു.

രാവിലെ സ്റ്റേഷനിൽ മർദ്ദനവിവരം അറിഞ്ഞ ഉടൻ തന്നെ ഡി.എഫ്.ഒയുടെ പ്രത്യേക നിർദ്ദേശപ്രകാരം നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറും റിസർവ് ഫോഴ്സ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

ഡ്യൂട്ടിയിലിരുന്ന് മദ്യപിക്കുകയും സഹപ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ വനം വകുപ്പിനുള്ളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377087/nilambur-forest-officials-suspended-assault-drunk)