---
title: "ജീവനെടുക്കുന്ന അമിതവേഗത; കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം, മരണം രണ്ടായി"
english_title: "Kunnamkulam Bus Accident Death Toll Rises to 2; 18-Year-Old Riya Fathima Among Victims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377069/kunnamkulam-bus-accident-death-toll-2-riya-fathima"
published_at: "2026-08-06T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7469ce4d9f3_kunnamkulam-bus-accident-death-toll-2-riya-fathima.jpg"
keywords: ["Kunnamkulam Bus Accident", "Thrissur Bus Accident", "Thrissur Accident", "Private Bus Crash"]
---

# ജീവനെടുക്കുന്ന അമിതവേഗത; കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം, മരണം രണ്ടായി

> **Lead Summary:** തൃശൂര്‍: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു.

## Article Content

തൃശൂര്‍: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു.

ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ കുന്നംകുളം പറമ്പാടത്തിന് സമീപമായിരുന്നു അപകടം.

അമിതവേഗതയിൽ എത്തിയ ബസിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. ആദ്യം ഒരു കാറിൽ ഇടിച്ച ബസ് പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ 5 വാഹനങ്ങളിൽ തുടർച്ചയായി ഇടിക്കുകയായിരുന്നു.

5 വാഹനങ്ങളെയും തകർത്ത ശേഷം ബസ് സമീപത്തെ ഒരു വീടിന്റെ മതിൽ കൂടി തകർത്ത് വീട്ടുമുറ്റത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനി റിയ ഫാത്തിമയ്ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടമായി. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ കുന്നംകുളത്തെയും തൃശൂരിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റ 10 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടവിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. ബസ് കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്യുന്നുണ്ട്. ബസിന്റെ ഫിറ്റ്നസ്, ബ്രേക്ക് സംവിധാനം എന്നിവയും പരിശോധിക്കും. സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377069/kunnamkulam-bus-accident-death-toll-2-riya-fathima)