---
title: "ക്രൂരതയ്ക്ക് അറുതിയില്ലേ...? മധ്യപ്രദേശിൽ കേബിൾ മോഷണമാരോപിച്ച് യുവാക്കളെ കഴുത്തിൽ കേബിൾ കെട്ടി നടത്തിച്ചു"
english_title: "Madhya Pradesh Mob Attack: Three Youths Paraded with Cables Around Necks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377060/madhya-pradesh-youths-paraded-cables-mob-attack"
published_at: "2026-08-06T15:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7462707011e_madhya-pradesh-youths-paraded-cables-mob-attack.jpg"
keywords: ["Madhya Pradesh news", "Chhindwara mob attack", "mob lynching India"]
---

# ക്രൂരതയ്ക്ക് അറുതിയില്ലേ...? മധ്യപ്രദേശിൽ കേബിൾ മോഷണമാരോപിച്ച് യുവാക്കളെ കഴുത്തിൽ കേബിൾ കെട്ടി നടത്തിച്ചു

> **Lead Summary:** **മധ്യപ്രദേശ്: ** കേബിൾ മോഷണം ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആൾക്കൂട്ടാക്രമണം. ഛിന്ദ്‌വാര ജില്ലയിലാണ് സംഭവം. വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (ഡബ്ല്യു.സി.എൽ) ഇക്ലഹാര ടൗൺഷിപ്പിൽ ബുധനാഴ്ചയാണ് മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

## Article Content

**മധ്യപ്രദേശ്: ** കേബിൾ മോഷണം ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആൾക്കൂട്ടാക്രമണം. ഛിന്ദ്‌വാര ജില്ലയിലാണ് സംഭവം. വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (ഡബ്ല്യു.സി.എൽ) ഇക്ലഹാര ടൗൺഷിപ്പിൽ ബുധനാഴ്ചയാണ് മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പ്രവർത്തനം നിലച്ച ഫിൽട്ടർ പ്ലാന്റിൽ നിന്നും കേബിളുകൾ നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ഇതിനിടയിലേക്ക് ഇരച്ചെത്തിയ എഴുപതോളം പേരുള്ള ജനക്കൂട്ടം യുവാക്കളെ കൈകൊണ്ടും ചെരിപ്പുകൊണ്ടും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ഇവർ മോഷ്ടിച്ചുവെന്ന് ആരോപിച്ച കേബിൾ കെട്ടുകൾ യുവാക്കളുടെ കഴുത്തിലും ചുമലിലും തൂക്കി ഗ്രാമത്തിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്തു. ഈ സമയമെല്ലാം സ്ഥലത്തുണ്ടായിരുന്ന ഡബ്ല്യു.സി.എൽ സുരക്ഷാ ജീവനക്കാർ ആൾക്കൂട്ടത്തെ തടയാനോ അക്രമത്തിനിരയായവരെ രക്ഷിക്കാനോ യാതൊരു ശ്രമവും നടത്തിയില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പൊലീസ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്നാണ് ബർഖുഹി പൊലീസ് ഔട്ട്‌പോസ്റ്റ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാംവിലാസ് തിവാരി വ്യക്തമാക്കിയത്.

എങ്കിലും, ഔദ്യോഗികമായി പരാതി ലഭിക്കുന്ന പക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ദിനംപ്രതി വർധിച്ചുവരുന്ന ആൾക്കൂട്ടാക്രമണങ്ങളുടെയും നിയമം കയ്യിലെടുക്കുന്ന പ്രവണതകളുടെയും ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377060/madhya-pradesh-youths-paraded-cables-mob-attack)