---
title: "ഇവനെയൊക്കെകൊണ്ട്....! യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; മലയാളി യുവാവ് നെടുമ്പാശേരിയിൽ അറസ്റ്റിൽ"
english_title: "Malayali Man Detained for Attempting to Open Emergency Exit on Kochi-Bound Flight from Kuala Lumpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377058/kochi-flight-emergency-door-attempt-palakad-man-detained"
published_at: "2026-08-06T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7463e3b1da6_kochi-flight-emergency-door-attempt-palakad-man-detained.jpg"
keywords: ["Emergency Door", "Attempting to Open Emergency Exit", "Cochin Airport", "Flight Incident"]
---

# ഇവനെയൊക്കെകൊണ്ട്....! യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; മലയാളി യുവാവ് നെടുമ്പാശേരിയിൽ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് സഹയാത്രികരുടെ ഇടപെടലിനെ തുടർന്ന് പിടിയിലായി. വൻ ദുരന്തമാണ് ഇതോടെ ഒഴിവായത്.

## Article Content

കൊച്ചി: ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് സഹയാത്രികരുടെ ഇടപെടലിനെ തുടർന്ന് പിടിയിലായി. വൻ ദുരന്തമാണ് ഇതോടെ ഒഴിവായത്.

പാലക്കാട് സ്വദേശി ജംഷീർ (30) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം.

ലാൻഡിംഗിന് അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു യുവാവിന്റെ പരാക്രമം. ഇരിപ്പിടത്തിനോട് ചേർന്നുള്ള വിൻഡോയുടെ പാനൽ ജംഷീർ ബലം പ്രയോഗിച്ച് തകർത്തു. വിമാനത്തിന്റെ ജനാലയ്ക്ക് ഒന്നിലധികം പാളികൾ ഉള്ളതിനാൽ പുറത്തേക്കുള്ള വായു മർദ്ദം നഷ്ടമായില്ല.

അതുകൊണ്ട് വൻ അപകടം ഒഴിവായി. വിൻഡോ തകർത്തതോടെ നിർത്തിയില്ല. തൊട്ടടുത്തുള്ള എമർജൻസി വാതിൽ തുറക്കാനും ഇയാൾ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികർ ഉടൻ തന്നെ ജംഷീറിനെ പിടികൂടി തടഞ്ഞുവെച്ചു.

സഹയാത്രികരാണ് ഇയാളെ കീഴ്പ്പെടുത്തി സീറ്റിൽ കെട്ടിയിട്ടത്. വിമാനം നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ജംഷീറിനെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നെടുമ്പാശ്ശേരി പോലീസിന് കൈമാറി. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മദ്യലഹരിയായിരുന്നോ, മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

വിമാനത്തിനുള്ളിൽ നാശനഷ്ടം വരുത്തിയതിനും യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയതിനും ജംഷീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്ട് പ്രകാരമാണ് കേസ്. സംഭവത്തിൽ ബാട്ടിക് എയർ അധികൃതരും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വിമാനത്തിലെ സിസിടിവി ദൃശ്യങ്ങളും ക്രൂവിന്റെ മൊഴിയും പോലീസ് പരിശോധിക്കും. ജംഷീറിന്റെ പെരുമാറ്റം വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

എന്നാൽ സഹയാത്രികർ സമയബന്ധിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. അന്താരാഷ്ട്ര വിമാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377058/kochi-flight-emergency-door-attempt-palakad-man-detained)