---
title: "സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിയ കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം പിഴയും"
english_title: "Kannur Thaliparamba CPM Leader Attack Case 3 SDPI Workers Sentenced 18 Years Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377047/kannur-thaliparamba-cpm-leader-attack-case-sdpi-18-years-jail"
published_at: "2026-08-06T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a745bae71247_kannur-thaliparamba-cpm-leader-attack-case-sdpi-18-years-jail.jpg"
keywords: ["CPIM Leader Attack Case", "K Vijayan Attack", "Thaliparamba Case", "SDPI"]
---

# സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിയ കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം പിഴയും

> **Lead Summary:** **കണ്ണൂർ: **തളിപ്പറമ്പ് രാമന്തളി വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

## Article Content

**കണ്ണൂർ: **തളിപ്പറമ്പ് രാമന്തളി വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. പിഴത്തുക മുഴുവൻ അക്രമത്തിനിരയായ വിജയന് നൽകാനും കോടതി ഉത്തരവിട്ടു. ടി. ഹനൻ, മുഹമ്മദ് അബ്ദുല്ല, എം.പി. ഫൈസൽ എന്നീ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത് . 2015 സെപ്റ്റംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം.

ബൈക്കിലെത്തിയ പ്രതികൾ സഹകരണ ബാങ്ക് ജീവനക്കാരനായ കെ. വിജയനെ വെട്ടി പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ വിജയൻ ഏറെനാൾ ചികിത്സയിലായിരുന്നു. 2015 സെപ്റ്റംബർ 16ന് കേളോത്ത് സി.പി.എം, എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.

രണ്ട് വകുപ്പുകളിലായാണ് 18 വർഷം തടവ് ശിക്ഷ. എന്നാൽ ഒരേ സമയം അനുഭവിച്ചാൽ മതിയാകും. അതിനാൽ പ്രതികൾ 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ചാൽ മതി. മൂന്ന് പ്രതികളും 3 ലക്ഷം രൂപ വീതം പിഴ അടക്കണം.11 വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിന്റെ വിചാരണ പൂർത്തിയായത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി.വിധി പ്രസ്താവിച്ചതിന് പിന്നാലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ നടന്ന ആക്രമണത്തിൽ കർശന ശിക്ഷ ലഭിച്ചത് നിയമത്തിന്റെ വിജയമാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377047/kannur-thaliparamba-cpm-leader-attack-case-sdpi-18-years-jail)