---
title: " 'താനൊരു ആൺകുട്ടിയുടെ അമ്മയാണ്, താൻ യാതൊരുവിധ എം.ഡി.എം.എ ഇടപാടും നടത്തിയിട്ടില്ലെന്ന് കീർത്തന,  പ്രതിയെ കസ്റ്റഡിയിൽ വിട്ടു "
english_title: "Vadakara MDMA Case: Arrested Teacher Keerthana Denies Allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377046/vadakara-mdma-case-teacher-keerthana-denies-allegations-"
published_at: "2026-08-06T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a745c9e026be_karunya-plus-kn-634-lottery-result-declared.jpg"
keywords: ["Vadakara MDMA case", "teacher Keerthana", "Vadakara police", "MDMA Case"]
---

#  'താനൊരു ആൺകുട്ടിയുടെ അമ്മയാണ്, താൻ യാതൊരുവിധ എം.ഡി.എം.എ ഇടപാടും നടത്തിയിട്ടില്ലെന്ന് കീർത്തന,  പ്രതിയെ കസ്റ്റഡിയിൽ വിട്ടു 

> **Lead Summary:** **വടകര: **സംസ്ഥാനത്തെ നടുക്കിയ വടകര എം.ഡി.എം.എ കേസിൽ പ്രതിയായ പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികയും കോഴിക്കോട് മരുതോങ്കര സ്വദേശിനിയുമായ കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനുമായാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

## Article Content

**വടകര: **സംസ്ഥാനത്തെ നടുക്കിയ വടകര എം.ഡി.എം.എ കേസിൽ പ്രതിയായ പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികയും കോഴിക്കോട് മരുതോങ്കര സ്വദേശിനിയുമായ കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനുമായാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

അതേസമയം** **താൻ യാതൊരുവിധ എം.ഡി.എം.എ ഇടപാടും നടത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പൂർണ്ണമായും സത്യമല്ലെന്നും കീർത്തന മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും താൻ ഇതുവരെ ആർക്കും എം.ഡി.എം.എ നൽകിയിട്ടില്ലെന്നും കീർത്തന ആവർത്തിച്ചു.

തന്റെ ബാങ്ക് അക്കൗണ്ടിൽ നിലവിൽ മൈനസ് ബാലൻസ് മാത്രമാണുള്ളതെന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും കീർത്തന വ്യക്തമാക്കി. താൻ നൽകുന്ന രണ്ട് സ്റ്റേറ്റ്മെന്റുകളും മാധ്യമങ്ങളും പൊതുജനങ്ങളും കൃത്യമായി പരിശോധിക്കണമെന്നും തന്റെ നിരപരാധിത്വം പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. താനൊരു ആൺകുട്ടിയുടെ അമ്മയാണെന്നും ഒപ്പം ഒരു അധ്യാപികയാണെന്നും ചൂണ്ടിക്കാണിച്ചാണ് കീർത്തന മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

അതേസമയം ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ പ്രതികളായ പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികമാരായ നീഷ്മ, കാവ്യ എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.

ലഹരിമരുന്ന് കേസിൽ പിടിയിലായതിന് പിന്നാലെ രണ്ട് അധ്യാപികമാരെയും സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. വടകര എം.ഡി.എം.എ കേസിൽ പേരാമ്പ്ര ബി.ആർ.സി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യ, സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തന എന്നിവരെയാണ് പുറത്താക്കിയത്. മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കേസിലെ അന്വേഷണമാണ് ഇപ്പോൾ അധ്യാപികമാരിലേക്ക് എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377046/vadakara-mdma-case-teacher-keerthana-denies-allegations-)