---
title: "പേടിപ്പെടുത്തുന്ന മഴക്കാലം! ജലനിരപ്പ് കുതിച്ചുയരുന്നു; പമ്പയിലും അച്ചൻകോവിലിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; നദികളിൽ ഇറങ്ങരുതെന്ന് കർശന നിർദ്ദേശം"
english_title: "Kerala Rains: Yellow Alert Issued For Pamba And Achankovil Rivers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377038/kerala-rivers-yellow-alert-pamba-achankovil-"
published_at: "2026-08-06T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74553c70e03_kerala-rivers-yellow-alert-pamba-achankovil.jpg"
keywords: ["Kerala rain warning", "Achankovil river", "Pathanamthitta flood alert", "Kerala Rain"]
---

# പേടിപ്പെടുത്തുന്ന മഴക്കാലം! ജലനിരപ്പ് കുതിച്ചുയരുന്നു; പമ്പയിലും അച്ചൻകോവിലിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; നദികളിൽ ഇറങ്ങരുതെന്ന് കർശന നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ വിവിധ നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് തുടർച്ചയായി ആശങ്കാജനകമായി തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് പ്രധാനപ്പെട്ട നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ വിവിധ നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് തുടർച്ചയായി ആശങ്കാജനകമായി തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് പ്രധാനപ്പെട്ട നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിലെ പ്രഖ്യാപനപ്രകാരം പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ പരിധിയിലും, അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ പരിധിയിലുമാണ് മഞ്ഞ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ജലനിരപ്പ് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ യാതൊരു കാരണവശാലും മേൽപ്പറഞ്ഞ നദികളിൽ ഇറങ്ങാനോ, നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നദീതീരങ്ങളോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അധികൃതരുടെ കൃത്യമായ നിർദേശാനുസരണം സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാവണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയ അധികൃതർ, സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. AtmosphericScience

ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. ഇതിനുപുറമേ, ശേഷിക്കുന്ന ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ യാത്രകൾ നടത്താവൂ എന്നും അധികൃതർ നിർദ്ദേശിക്കുന്നു. അതേസമയം കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377038/kerala-rivers-yellow-alert-pamba-achankovil-)