---
title: "കളിക്കളത്തിൽ വന്ന് വീണ മരണമിന്നൽ! ഫുട്ബോൾ മത്സരത്തിനിടെ 24 കാരൻ മിന്നലേറ്റ് മരിച്ചു"
english_title: "Thai Footballer Sofwan Away Dies Due To Lightning Strike During Match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377034/thai-footballer-dies-lightning-strike-match-"
published_at: "2026-08-06T14:56:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7454f273932_thai-footballer-dies-lightning-strike-match.jpg"
keywords: ["Sofwan Away", "Thailand football lightning", "Yala FC player death"]
---

# കളിക്കളത്തിൽ വന്ന് വീണ മരണമിന്നൽ! ഫുട്ബോൾ മത്സരത്തിനിടെ 24 കാരൻ മിന്നലേറ്റ് മരിച്ചു

> **Lead Summary:** **ബാങ്കോക്ക്: ** തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീമിന്റെ താരവുമായ സോഫ്‍വാൻ അവായ് ആണ് മത്സരം നടക്കുന്നതിനിടയിൽ മിന്നലേറ്റ് ജീവൻ വെടിഞ്ഞത്.

## Article Content

**ബാങ്കോക്ക്: ** തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീമിന്റെ താരവുമായ സോഫ്‍വാൻ അവായ് ആണ് മത്സരം നടക്കുന്നതിനിടയിൽ മിന്നലേറ്റ് ജീവൻ വെടിഞ്ഞത്.

ഈ അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ മറ്റ് 12 കളിക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെക്കൻ തായ്‌ലൻഡിലെ സുങ്കായ് ഗോലോക്കിലുള്ള സന്തിഫാപ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയായിരുന്നു കായികലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്.

തായ്‌ലൻഡിലെയും മലേഷ്യയിലെയും അമച്വർ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ഗോലോക്ക് എഫ്.എ കപ്പ് ടൂർണമെന്റിന്റെ ഭാഗമായി സാംകോൾട്ട്സും അബു നോങ് സിരിനും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നതിനിടയിലാണ്  ഇടിമിന്നൽ ദുരന്തം ഉണ്ടായത്. മൈതാനത്തെ അന്തരീക്ഷം പെട്ടെന്ന് മാറിമറിയുകയും കനത്ത മിന്നൽ പതിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് കായികരംഗത്തെ പ്രമുഖരും ആരാധകരും താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രത നിർദേശം

ആദ്യ ലക്ഷണം ശ്രദ്ധിക്കുക: കാർമേഘം കണ്ട് തുടങ്ങുമ്പോഴോ ഇടിമിന്നലിന്റെ ലക്ഷണം കാണുമ്പോഴോ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികൾ കളിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ ഒഴിവാക്കുക. ഭിത്തിയിലോ തറയിലോ തൊടാതെയിരിക്കാൻ ശ്രദ്ധിക്കുക.

കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക (പൈപ്പിലൂടെ മിന്നൽ പ്രവാഹം എത്താൻ സാധ്യതയുണ്ട്).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377034/thai-footballer-dies-lightning-strike-match-)