---
title: "'മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകി എന്ന് വിളിക്കേണ്ടി വരും, മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം' -രൂക്ഷ വിമർശനവുമായി ഷോൺ ജോർജ് "
english_title: "Shone George Slams Kerala Govt Over Flood Crisis: Calls CM 'Murderer' If Sand Not Removed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377031/shone-george-kerala-flood-crisis-meenachil-river-sand-criticism"
published_at: "2026-08-06T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74524f61148_shone-george-kerala-flood-crisis-meenachil-river-sand-criticism.jpg"
keywords: ["Kerala Rain", "Shone George", "Kerala Floods", "Disaster Management", "VD Satheesan"]
---

# 'മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകി എന്ന് വിളിക്കേണ്ടി വരും, മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം' -രൂക്ഷ വിമർശനവുമായി ഷോൺ ജോർജ് 

> **Lead Summary:** കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ദുരന്തസാധ്യത മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ദുരന്തസാധ്യത മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

> കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഷോൺ ജോർജിന്റെ രൂക്ഷ വിമർശനം. "മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി ഡി സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ല. പേര് മാറി എന്ന് മാത്രമാണ് വ്യത്യാസം" എന്ന് അദ്ദേഹം പരിഹസിച്ചു.

> മുൻ മുഖ്യമന്ത്രി "റൂം ഫോർ റിവർ" പദ്ധതി പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോയതല്ലാതെ മീനച്ചിലാറ്റിലോ വേമ്പനാട്ട് കായലിലോ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

> "മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് ഇപ്പോൾ അടിഞ്ഞുകൂടി കിടക്കുന്നത്. ഇത് കൃത്യമായി നീക്കം ചെയ്യാത്തതാണ് ഓരോ ചെറിയ മഴയിലും വലിയ വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. നദികളുടെ വ്യാപ്തി കുറഞ്ഞതോടെ വെള്ളം കരകവിഞ്ഞൊഴുകയാണ്" അദ്ദേഹം വിശദീകരിച്ചു.

> ദുരന്ത സമയങ്ങളിൽ സർക്കാരിനെക്കാൾ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. "ജനങ്ങൾ സ്വയം ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായത്. സർക്കാരിന്റെ മുൻകരുതലുകൾ കൊണ്ടല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

> സർക്കാർ ഈ വിഷയം ഗൗരവമായി എടുത്തില്ലെങ്കിൽ വരും വർഷങ്ങളിൽ സംസ്ഥാനം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകി. "അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി സർക്കാർ ഉടൻ തയ്യാറാക്കണം.

> മീനച്ചിലാറ്റിലെയും വേമ്പനാട്ട് കായലിലെയും മണൽ അടിയന്തരമായി നീക്കണം. അല്ലെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയെ കൊലപാതകി എന്ന് വിളിക്കേണ്ടി വരും" എന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377031/shone-george-kerala-flood-crisis-meenachil-river-sand-criticism)