---
title: "'ശരീരം വീർത്ത നിലയിലായിരുന്നു, ഫ്രീസറില്ലാതെ അയച്ചു'; ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം, വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർമാർ"
english_title: "Alleged Disrespect to Body of Rajesh Who Died in Cherupuzha Rescue: Sent Without Embalming or Freezer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377027/cherupuzha-rajesh-body-disrespect-pariyaram-ambulance-issue"
published_at: "2026-08-06T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a744c37448b4_cherupuzha-rajesh-body-disrespect-pariyaram-ambulance-issue.jpg"
keywords: ["Rescuer Rajesh Death", "Pariyaram Medical College", "Ambulance Negligence", "Embalming"]
---

# 'ശരീരം വീർത്ത നിലയിലായിരുന്നു, ഫ്രീസറില്ലാതെ അയച്ചു'; ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം, വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർമാർ

> **Lead Summary:** തിരുവനന്തപുരം : രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നൽകിയ ധീരന്റെ ഭൗതിക ദേഹത്തോട് അനാദരവെന്ന് ഗുരുതര ആരോപണം. കണ്ണൂർ ചെറുപുഴയിൽ മുങ്ങിമരിച്ച ആർ. രാജേഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ എംബാം ചെയ്യാതെയും മതിയായ ഫ്രീസർ സൗകര്യമില്ലാതെയും അയച്ചുവെന്നാണ് പരാതി.

## Article Content

തിരുവനന്തപുരം : രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നൽകിയ ധീരന്റെ ഭൗതിക ദേഹത്തോട് അനാദരവെന്ന് ഗുരുതര ആരോപണം. കണ്ണൂർ ചെറുപുഴയിൽ മുങ്ങിമരിച്ച ആർ. രാജേഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ എംബാം ചെയ്യാതെയും മതിയായ ഫ്രീസർ സൗകര്യമില്ലാതെയും അയച്ചുവെന്നാണ് പരാതി.

> ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറുമാണ് അനാസ്ഥ പുറത്തുകൊണ്ടുവന്നത്. വെള്ളത്തിൽ വീണ് മരിച്ചതിനാൽ ശരീരം വീർത്ത നിലയിലായിരുന്നുവെന്ന് നിയാസ് പറഞ്ഞു. "ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ ഉപയോഗിക്കുകയോ ചെയ്യേണ്ടത് നിർബന്ധമാണ്.

> എന്നാൽ യാതൊരു മുൻകരുതലുമില്ലാതെയാണ് മൃതദേഹം വിട്ടത്" അദ്ദേഹം കുറ്റപ്പെടുത്തി. തൃശ്ശൂർ ചാവക്കാട് എത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഡ്രൈവർമാർക്ക് ബോധ്യമായത്. ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോകുന്നത് മൃതദേഹത്തിന് കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുമെന്ന് ഭയന്നു.

തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിൽ വെച്ച് മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ മൃതദേഹം ഫ്രീസർ സൗകര്യമുള്ള മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അതിനുശേഷമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

മൃതദേഹം വഴിയിൽ വെച്ച് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എന്തുകൊണ്ട് മൃതദേഹം എംബാം ചെയ്തില്ല? എന്തുകൊണ്ട് ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ഏർപ്പെടുത്തിയില്ല? ഔദ്യോഗികമായി ഏൽപ്പിച്ചവർ ആരായിരുന്നു?. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ ബലികൊടുത്ത ഒരാളുടെ മൃതദേഹത്തോട് പോലും കാണിച്ച ഈ അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377027/cherupuzha-rajesh-body-disrespect-pariyaram-ambulance-issue)