---
title: "'പേപ്പർ കഷ്ണം' കണ്ടതോടെ കുടുങ്ങി; മുത്തങ്ങയിൽ സ്‌കൂട്ടറിൽ ട്രിപ്പിളടിച്ച് വന്ന കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളുടെ കൈയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു "
english_title: "3 Youth Arrested with 3.67g MDMA at Kerala-Karnataka Border in Sultan Bathery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377023/sultan-bathery-muthanga-mdma-arrest-3-youth-ocb-paper"
published_at: "2026-08-06T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7449a5f3619_sultan-bathery-muthanga-mdma-arrest-3-youth-ocb-paper.jpg"
keywords: ["MDMA Seized", "Wayanad Drug Arrest", "Drug Arrest", "Wayanad News"]
---

# 'പേപ്പർ കഷ്ണം' കണ്ടതോടെ കുടുങ്ങി; മുത്തങ്ങയിൽ സ്‌കൂട്ടറിൽ ട്രിപ്പിളടിച്ച് വന്ന കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളുടെ കൈയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു 

> **Lead Summary:** സുൽത്താൻബത്തേരി: കേരള-കർണാടക അതിർത്തിയിൽ സ്വാഭാവികമായ പരിശോധനയ്ക്കിടെ മൂന്ന് യുവാക്കൾ സ്‌കൂട്ടറിൽ ട്രിപ്പിളടിച്ച് വരുന്നത് കണ്ടാണ് പോലീസ് അവരെ തടഞ്ഞത്. പതിയെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഒരു പോലീസുകാരന്റെ ശ്രദ്ധ മൊബൈൽ ഹോൾഡറിൽവെച്ചിരുന്ന ഒരു 'പ്രത്യേകതരം' പേപ്പറിൽ പതിഞ്ഞത്.

## Article Content

സുൽത്താൻബത്തേരി: കേരള-കർണാടക അതിർത്തിയിൽ സ്വാഭാവികമായ പരിശോധനയ്ക്കിടെ മൂന്ന് യുവാക്കൾ സ്‌കൂട്ടറിൽ ട്രിപ്പിളടിച്ച് വരുന്നത് കണ്ടാണ് പോലീസ് അവരെ തടഞ്ഞത്. പതിയെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഒരു പോലീസുകാരന്റെ ശ്രദ്ധ മൊബൈൽ ഹോൾഡറിൽവെച്ചിരുന്ന ഒരു 'പ്രത്യേകതരം' പേപ്പറിൽ പതിഞ്ഞത്.

പിന്നാലെ നടത്തിയ പരിശോധനയിൽ യുവാക്കളുടെ കൈയിൽനിന്നും പോലീസ് പിടിച്ചെടുത്തത് മാരകമായ മയക്കുമരുന്ന്.

കോഴിക്കോട് സ്വദേശികളായ പെരിങ്ങളം പുതിയോട്ടിൽ വീട്ടിൽ മുഹമ്മദ് സിരേഷ് (23), കാരന്തൂർ മേലരങ്ങാട്ട് വീട്ടിൽ ജിതേന്ദ്രദാസ് (25), കാരിക്കണ്ടി മീത്തൽ അജുൽ (22) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിലായിരുന്നു സംഭവം.

ഗുണ്ടൽപേട്ട് ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു യുവാക്കൾ. മൂന്നുപേർ സ്‌കൂട്ടറിൽ കൂളായി ട്രിപ്പിൽ അടിച്ച് വരുന്നത് കണ്ടാണ് പോലീസ് ഇവരെ കൈകാണിച്ചു നിർത്തിയത്. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ സ്‌കൂട്ടറിലെ മൊബൈൽ ഹോൾഡറിൽ വെച്ചിരുന്ന ഒ.സി.ബി. പേപ്പർ കൂട്ടത്തിലൊരു പോലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു.

എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരുടെ കൈവശം കാണാറുള്ള കനംകുറഞ്ഞ ഒരുതരം പ്രത്യേക പേപ്പറാണിത്. ഇതോടെ ചോദ്യംചെയ്യലിന്റെ രീതി മാറി. ദേഹപരിശോധനയിൽ 3.67 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ഇവരുടെ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.

ബത്തേരി എസ്.ഐ. ജസ് വിൻ ജോയ്, എ.എസ്.ഐ.മാരായ ശ്യാംലാൽ, വിപിൻകുമാർ, സീനിയർ എസ്.സി.പി.ഒ. ലബ്നാസ്, സി.പി.ഒ.മാരായ റോബിൻ പൗലോസ്, നിത്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377023/sultan-bathery-muthanga-mdma-arrest-3-youth-ocb-paper)