---
title: "'കുടിക്കാൻ കുറച്ച് വെള്ളം തരുമോ?'; കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കള്ളൻ"
english_title: "Kollam Chain Snatching Elderly Woman Gold Chain Stolen Water Request"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377017/kollam-pallisherikal-chain-snatching-elderly-woman"
published_at: "2026-08-06T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7446dc263de_kollam-pallisherikal-chain-snatching-elderly-woman.jpg"
keywords: ["Kollam Chain Snatching", "Pallisherikal", "Gold Theft"]
---

# 'കുടിക്കാൻ കുറച്ച് വെള്ളം തരുമോ?'; കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കള്ളൻ

> **Lead Summary:** **കൊല്ലം: **കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചുകടന്നു. കൊല്ലം പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ യുടെ ഒന്നര പവൻ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**കൊല്ലം: **കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചുകടന്നു. കൊല്ലം പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ യുടെ ഒന്നര പവൻ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് യുവാവ് വീട്ടിലെത്തിയത്. മഴക്കോട്ട് ധരിച്ചാണ് യുവാവ് എത്തിയത്. ഇത് ആളെ തിരിച്ചറിയുന്നതിന് തടസ്സമായി.

കുടിക്കാൻ വെള്ളം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. സരസ്വതിയമ്മ വെള്ളം എടുക്കാനായി അകത്തേക്ക് തിരിഞ്ഞ നിമിഷം മുതലെടുത്താണ് യുവാവ് മാലയിൽ കൈവെച്ചത്. സരസ്വതിയമ്മ പെട്ടെന്ന് മാലയിൽ പിടിച്ചെങ്കിലും ചെറിയൊരു ഭാഗം മാത്രമാണ് കൈയിൽ കിട്ടിയത്. ബാക്കി ഭാഗവുമായി യുവാവ് ഓടി.

യുവാവിനൊപ്പം മറ്റൊരാൾ പുറത്ത് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു. മാല പൊട്ടിച്ചെടുത്തയുടൻ ഇരുവരും ചേർന്ന് ബൈക്കിൽ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഞെട്ടിയ സരസ്വതിയമ്മ ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി.

മഴക്കോട്ട് ധരിച്ചെത്തിയതിനാൽ പ്രതികളെ നേരിട്ട് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതിനാൽ പ്രദേശത്തെ പ്രധാന റോഡുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്. ബൈക്കിന്റെ നമ്പറും പ്രതികളുടെ രൂപസാദൃശ്യവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വീടുകളിൽ അപരിചിതർ വെള്ളം അടക്കം ആവശ്യപ്പെട്ടെത്തുന്ന സമയത്ത് ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377017/kollam-pallisherikal-chain-snatching-elderly-woman)