---
title: "നിര്‍ണായക വിധി; അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്"
english_title: "Kerala High Court Ban Illegal Vacuum Lifts Safety Guidelines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377007/kerala-high-court-ban-illegal-vacuum-lifts"
published_at: "2026-08-06T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74400d4b5cc_kerala-high-court-ban-illegal-vacuum-lifts.jpg"
keywords: ["Kerala High Court", "Vacuum Lift", "Elevator Safety", "KEMA"]
---

# നിര്‍ണായക വിധി; അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്

> **Lead Summary:** **കൊച്ചി: [ **സുരക്ഷാ മാനദണ്ഡങ്ങളോ സാങ്കേതിക അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം കർശനമായി തടയണമെന്ന് കേരള ഹൈക്കോടതി. കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിർണായക ഉത്തരവ്.

## Article Content

**കൊച്ചി: [ **സുരക്ഷാ മാനദണ്ഡങ്ങളോ സാങ്കേതിക അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം കർശനമായി തടയണമെന്ന് കേരള ഹൈക്കോടതി. കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിർണായക ഉത്തരവ്.

അനധികൃത ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ 2024-ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടപ്പാക്കാത്തതിനെ തുടർന്നാണ് പുതിയ വിധി വന്നിരിക്കുന്നത്.

സാധാരണ ലിഫ്റ്റുകളിലുള്ളതുപോലെയുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങളോ പിറ്റ് ആഴം, ഓവര്‍ഹൈഡ് ഉയരം, ലാന്‍ഡിംഗ് തുടങ്ങിയവ സംബന്ധിച്ച നിബന്ധനകളോ വാക്വം ലിഫ്റ്റുകൾ പാലിക്കുന്നില്ലെന്ന് കീമ ഭാരവാഹികൾ വ്യക്തമാക്കി.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെയോ (BIS) ഇലക്ട്രിക്കല്‍ ഇന്‍സ്പടറേറ്റിന്റെയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ഇവ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയാണ് ഇത്തരം കമ്പനികൾ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇതിന്റെ നിര്‍മാണവും വില്‍പ്പനയും പ്രധാനമായും നടത്തുന്നത്. സാങ്കേതിക തകരാറുകൾ മൂലം ഇതിനോടകം പലതവണ അപകടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നിയമപരമായ പരിരക്ഷ ഇല്ലാത്തതിനാൽ പലതും പുറത്തറിയാതെ മൂടിവെക്കപ്പെടുകയാണ്.

ഒന്നര മീറ്ററിലേറെ ഉയരത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഉപകരണങ്ങള്‍ക്ക് ലൈസന്‍സും യാത്രക്കാര്‍ക്ക് ഇന്‍ഷുറൻസ് പരിരക്ഷയും നിര്‍ബന്ധമാണെങ്കിലും, അനുമതികളില്ലാത്ത വാക്വം ലിഫ്റ്റുകള്‍ക്ക് ഈ ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ല.

അതിനാൽ യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയായ ഇത്തരം അനധികൃത ലിഫ്റ്റുകളുടെ പ്രവര്‍ത്തനം ഉടൻ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377007/kerala-high-court-ban-illegal-vacuum-lifts)