---
title: "ഭാഗ്യം ചവറ്റുകുട്ടയിൽ! ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ ഇറ്റാലിയൻ യുവതിക്ക് ലഭിച്ചത് 10.9 കോടി രൂപ; ‘റിയൽ ഹീറോസായി’ ശുചീകരണ തൊഴിലാളികൾ"
english_title: "Woman Wins 10.9 Crore Lottery After Trash Workers Find Discarded Ticket In Italy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376997/italy-woman-wins-10-9-crore-lottery-trash-ticket-found"
published_at: "2026-08-06T13:00:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7438343089d_italy-woman-wins-10-9-crore-lottery-trash-ticket-found.jpg"
keywords: ["Italy Lottery", "10.9 Crore", "Trash Ticket", "Bitonto", "Sanitation workers"]
---

# ഭാഗ്യം ചവറ്റുകുട്ടയിൽ! ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ ഇറ്റാലിയൻ യുവതിക്ക് ലഭിച്ചത് 10.9 കോടി രൂപ; ‘റിയൽ ഹീറോസായി’ ശുചീകരണ തൊഴിലാളികൾ

> **Lead Summary:** **ഇറ്റലി: **അബദ്ധത്തിൽ നഷ്ടപ്പെട്ടെന്ന് കരുതി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 10.9 കോടി രൂപയുടെ (10 ലക്ഷം യൂറോ) സ്വപ്നസമ്മാനം! ദക്ഷിണ ഇറ്റലിയിലെ ബിറ്റോൻറോയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. രണ്ടു ദിവസത്തെ കഠിനമായ തെരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികളാണ് യുവതിക്ക് ഈ ഭാഗ്യ ടിക്കറ്റ് കണ്ടെത്തി നൽകിയത്.

## Article Content

**ഇറ്റലി: **അബദ്ധത്തിൽ നഷ്ടപ്പെട്ടെന്ന് കരുതി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 10.9 കോടി രൂപയുടെ (10 ലക്ഷം യൂറോ) സ്വപ്നസമ്മാനം! ദക്ഷിണ ഇറ്റലിയിലെ ബിറ്റോൻറോയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. രണ്ടു ദിവസത്തെ കഠിനമായ തെരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികളാണ് യുവതിക്ക് ഈ ഭാഗ്യ ടിക്കറ്റ് കണ്ടെത്തി നൽകിയത്.

ബിറ്റോൻറോയിലുള്ള ഒരു കടയിൽ വെച്ച് ടിക്കറ്റ് പരിശോധിച്ചപ്പോൾ ‘പണം നൽകാൻ സാധിക്കില്ല’ എന്ന സന്ദേശമാണ് മെഷീനിൽ തെളിഞ്ഞത്. എന്നാൽ, സമ്മാനത്തുക വളരെ ഉയർന്നതാണെങ്കിൽ കടയിൽ നിന്ന് അത് നേരിട്ട് നൽകാൻ സാധിക്കാത്തതിനാലാണ് മെഷീനിൽ ഇങ്ങനെയൊരു സന്ദേശം വരുന്നത് എന്ന് യുവതിക്ക് അറിയില്ലായിരുന്നു. ഇതോടെ സമ്മാനമില്ലെന്ന് തെറ്റിദ്ധരിച്ച് ഇവർ ടിക്കറ്റ് അവിടുത്തെ ചവറ്റുകുട്ടയിൽ എറിഞ്ഞു.

വർഷങ്ങളായി തനിക്ക് പ്രിയപ്പെട്ടൊരാളുമായി ബന്ധപ്പെട്ട 2, 4, 8, 10, 51 എന്നീ സ്ഥിരം നമ്പറുകളിലാണ് ഇവർ ലോട്ടറിയെടുത്തിരുന്നത്. വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങൾ വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ നമ്പറുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് തിരിച്ചറിഞ്ഞത്. സന്തോഷത്തോടെ ഇവർ കടയിലേക്ക് തിരികെ ഓടിയെത്തിയെങ്കിലും, അതിനകം തന്നെ കടയിലെ മാലിന്യങ്ങൾ ശുചീകരണ തൊഴിലാളികൾ കൊണ്ടുപോയിരുന്നു.

തുടർന്ന് ഇവർ പ്രദേശത്തെ മാലിന്യ സംസ്കരണ കമ്പനിയായ 'SANB'യുടെ അഡ്മിനിസ്ട്രേറ്റർ റോബർട്ടോ നിക്കോള ടോസ്കാനോയെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ലോട്ടറി അടങ്ങിയ മാലിന്യ വണ്ടിയുടെ വഴികൾ പിന്തുടർന്ന് ഒടുവിൽ വാഹനം കണ്ടെത്തി തടഞ്ഞുനിർത്തി. തുടർന്ന് വാഹനം പ്രത്യേക തിരച്ചിൽ സൗകര്യമുള്ള പ്ലാന്റിലേക്ക് മാറ്റി. ഒരു ദിവസത്തിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കടലാസുകൾക്കിടയിൽ നിന്ന് ആ ഭാഗ്യ ടിക്കറ്റ് തൊഴിലാളികൾ വീണ്ടെടുത്തു.

തെരച്ചിലിനായുണ്ടായ അധികച്ചെലവുകൾ ടിക്കറ്റുടമ തന്നെ വഹിക്കണമെന്ന വ്യവസ്ഥയിലാണ് ജോലി പൂർത്തിയാക്കിയതെങ്കിലും, കൈവിട്ടുപോയെന്ന് കരുതിയ 11 കോടിയോളം രൂപയുടെ സമ്മാനം തിരികെ കിട്ടിയ സന്തോഷത്തിലാണ് യുവതിയും കുടുംബവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376997/italy-woman-wins-10-9-crore-lottery-trash-ticket-found)