---
title: "കോഴിക്കോടിന്റെ സംഗീത കാവൽക്കാരൻ; ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു"
english_title: "Sterling Latheef Founder Of Beypore Gazal Dhara Passes Away Kozhikode Music"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376978/sterling-latheef-beypore-gazal-dhara-founder-passes-away"
published_at: "2026-08-06T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742b8885ec2_sterling-latheef-beypore-gazal-dhara-founder-passes-away.jpg"
keywords: ["Sterling Latheef", "Beypore Gazal Dhara", "Kozhikode", "MS Baburaj", "Kerala Music"]
---

# കോഴിക്കോടിന്റെ സംഗീത കാവൽക്കാരൻ; ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോടിന്റെ സംഗീത സാംസ്കാരിക മുഖത്തിന് തിരികൊളുത്തിയ ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു. കല്ലായി സ്വദേശിയായ ലത്തീഫ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കോഴിക്കോടിന്റെ രാഗാർദ്രമായ സംഗീതത്തിന്റെ കാവൽക്കാരൻ എന്നാണ് സംഗീത ലോകം ലത്തീഫിനെ വിശേഷിപ്പിച്ചിരുന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോടിന്റെ സംഗീത സാംസ്കാരിക മുഖത്തിന് തിരികൊളുത്തിയ ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു. കല്ലായി സ്വദേശിയായ ലത്തീഫ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കോഴിക്കോടിന്റെ രാഗാർദ്രമായ സംഗീതത്തിന്റെ കാവൽക്കാരൻ എന്നാണ് സംഗീത ലോകം ലത്തീഫിനെ വിശേഷിപ്പിച്ചിരുന്നത്.

> ഗസൽ, ഭാവഗീതം, മാപ്പിളപ്പാട്ട് എന്നിവയെ കോഴിക്കോട് ജനതയ്ക്ക് കൂടുതൽ അടുപ്പിച്ച ക്ലബ്ബാണ് ബേപ്പൂർ ഗസൽധാര. ഇതിന്റെ രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ചത് ലത്തീഫ് ആയിരുന്നു. സംഗീതത്തെ ജീവിതമാക്കി മാറ്റിയ ലത്തീഫിന്റെ കല്ലായിയിലെ "സ്റ്റർലിംഗ്" എന്ന ടൈലറിംഗ് ഷോപ്പ് കവികളുടെയും ഗാനരചയിതാക്കളുടെയും ഗായകരുടെയും കൂടിയിരിപ്പ് കേന്ദ്രമായിരുന്നു. വി.എച്ച്.എം ലത്തീഫിന്റെ ഈ കടമുറിയിൽ നിരവധി സർഗാത്മക ചർച്ചകളും പാട്ടൊരുക്കങ്ങളും നടന്നിട്ടുണ്ട്.

> എം.എസ് ബാബുരാജിന്റെ സംഗീതത്തെ പുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ ലത്തീഫിന്റെ സംഭാവന വലുതാണ്. "ബാബുരാജ് പാടുന്നു" എന്ന കാസറ്റ് പുറത്തിറക്കിയതും ലത്തീഫിന്റെ നേതൃത്വത്തിലായിരുന്നു. ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ തുടങ്ങിയ മഹാന്മാരുടെ സ്മരണകൾ ഉണർത്തി മുടങ്ങാതെ പാട്ടോർമ്മകൾ സംഘടിപ്പിക്കുന്ന പതിവിന് തുടക്കമിട്ടതും അദ്ദേഹമായിരുന്നു.

ലത്തീഫിന്റെ നിരന്തരമായ ഇടപെടലിലാണ് ബാബുരാജിന്റെയും അബ്ദുൽ ഖാദറിന്റെയും ഫോട്ടോകൾ കോഴിക്കോട് ടൗൺഹാളിൽ സ്ഥിരം സ്ഥാനം പിടിച്ചത്. സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് മാത്രം ജീവിച്ച ലത്തീഫിന്റെ വിയോഗം കോഴിക്കോടിന്റെ കലാലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്. കോഴിക്കോട് കണ്ണംപറമ്പിൽ ഖബറടക്കം നടക്കും. നിരവധി കലാകാരന്മാരും സാംസ്കാരിക നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376978/sterling-latheef-beypore-gazal-dhara-founder-passes-away)