---
title: "പ്രകൃതിയുടെ താണ്ഡവത്തിൽ നടുങ്ങി കേരളം! 29 ജീവനുകൾ പൊലിഞ്ഞു, അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ  തുടരും "
english_title: "Kerala Heavy Rain Alert: IMD Issues Orange Alert for 7 Districts, Death Toll Rises to 29"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376968/kerala-heavy-rain-orange-alert-imd-updates-2026"
published_at: "2026-08-06T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74240be95b5_kerala-heavy-rain-orange-alert-imd-updates-2026.jpg"
keywords: ["Kerala rain", "Kerala floods", "weather update", "Kerala news"]
---

# പ്രകൃതിയുടെ താണ്ഡവത്തിൽ നടുങ്ങി കേരളം! 29 ജീവനുകൾ പൊലിഞ്ഞു, അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ  തുടരും 

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റും കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റും കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

തുടർച്ചയായ മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 460 ദുരിതാശ്വാസ ക്യാമ്പുകളിലായി 30,215 പേരെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കുമെന്നും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോൺ മത്തിയാസിനായും, കൊല്ലം നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ തിരയിൽപ്പെട്ട ഗൗതം കൃഷ്ണനായും ഉള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം, ആലപ്പുഴ തോട്ടപ്പള്ളി പൊഴി പൂർണമായി മുറിക്കാത്തതും സ്പിൽവേയിൽ മാലിന്യമടിഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതും കുട്ടനാട്ടിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

മഴയുടെ തീവ്രത കുറഞ്ഞതിനെ തുടർന്ന് കോട്ടയത്ത് ചിലയിടങ്ങളിലെ വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടുണ്ടെങ്കിലും, മീനച്ചിലാറിലെ ജലനിരപ്പ് പാലായിൽ പത്തടിയായി തുടരുകയും നഗരത്തോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ തുടരുകയും ചെയ്യുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കൂടാതെ, ഇന്ന് ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376968/kerala-heavy-rain-orange-alert-imd-updates-2026)