---
title: " അയ്യോ പാമ്പ് ....; സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു"
english_title: "Nurse Bitten by Viper at Palakkad Health Centre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376949/nurse-bitten-by-snake-palakkad-health-centre-"
published_at: "2026-08-06T10:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7415e3993a1_nurse-bitten-by-snake-palakkad-health-centre.jpg"
keywords: ["snake bite death", "Chalissery health centre", "nurse bitten by viper", "snakebite incidents"]
---

#  അയ്യോ പാമ്പ് ....; സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു

> **Lead Summary:** **പാലക്കാട്: **പാലക്കാട് ചാലിശ്ശേരിയിൽ** **സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. പാമ്പുകടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പാലക്കാട്: **പാലക്കാട് ചാലിശ്ശേരിയിൽ** **സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. പാമ്പുകടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൂറുകണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടി ഈ ആരോഗ്യ കേന്ദ്രത്തിൽ എത്താറുള്ളത്. ഇത്രയധികം ആളുകൾ വന്നുപോകുന്ന ആശുപത്രിയിൽ ഇത്തരമൊരു ദുരന്തം ഉണ്ടായതോടെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തരമായി ആശുപത്രി പരിസരം കാടുവെട്ടി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

അതേസമയം, പാമ്പുകടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചൂടുകൂടിയ കാലാവസ്ഥ  കാരണം വിഷപ്പാമ്പുകൾ ജനവാസമേഖലകളിലേക്കും വീടുകളിലേക്കും ഇഴഞ്ഞുകയറുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പാമ്പുകടിയേറ്റുണ്ടായ മരണങ്ങൾ പൊതുജനങ്ങൾക്കിടയിലും ആരോഗ്യപ്രവർത്തകർക്കിടയിലും വലിയ ഭീതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

അതിനാൽ ആശുപത്രി പരിസരങ്ങളും വീടുകളും പൊതുസ്ഥലങ്ങളും കാടുപിടിച്ചുകിടക്കുന്നത് ഒഴിവാക്കാൻ അടിയന്തര ജാഗ്രത പാലിക്കണമെന്നും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

**പാമ്പ് കടിച്ചാൽ ഉടൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ****

*പരിഭ്രാന്തി ഒഴിവാക്കുക: പാമ്പ് കടിയേറ്റയാൾ പേടിക്കുന്നത് ഹൃദയമിടിപ്പ് കൂട്ടാനും വിഷം ശരീരത്തിൽ വേഗത്തിൽ പടരാനും ഇടയാക്കും. അതിനാൽ ആദ്യം സമാധാനിപ്പിക്കുക.*

*കടിയേറ്റ ഭാഗം അനക്കാതിരിക്കുക: വിഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കാതിരിക്കാൻ കടിയേറ്റ കൈയോ കാലോ അനക്കാതെ നിശ്ചലമായി സൂക്ഷിക്കുക.*

*ആഭരണങ്ങളും വാച്ചും അഴിച്ചുമാറ്റുക: കടിയേറ്റ ഭാഗം നീര് വരാൻ സാധ്യതയുള്ളതിനാൽ കൈയിലോ കാലിലോ ഉള്ള മോതിരം, വാച്ച്, ചെരിപ്പ്, ഇറുകിയ വസ്ത്രങ്ങൾ എന്നിവ ഉടൻ ഊരിമാറ്റുക.*

*മുറിവിൽ തൊടുകയോ മുറിക്കുകയോ അരുത്: കടിയേറ്റ ഭാഗത്ത് ബ്ലേഡ് ഉപയോഗിച്ച് കീറാനോ, വിഷം വലിച്ചെടുക്കാൻ ശ്രമിക്കാനോ, ഐസ് വെക്കാനോ, കെട്ടുകൾ മുറുകെ ഇടാനോ പാടില്ല. ഇത് അണുബാധയ്ക്കും ടിഷ്യൂകൾ നശിക്കുന്നതിനും കാരണമാകും.*

*ഉടൻ ആശുപത്രിയിൽ എത്തിക്കുക: ആന്റിവെനം നൽകാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്രയും പെട്ടെന്ന് മാറ്റുക. പരമാവധി ആംബുലൻസിലോ മറ്റോ കിടത്തി കൊണ്ടുപോകാൻ ശ്രദ്ധിക്കുക.*

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376949/nurse-bitten-by-snake-palakkad-health-centre-)