---
title: "ഞങ്ങൾ തന്നെ തിരിച്ചുവരുന്നു...! സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്ആർടിസി കൊറിയർ സർവീസ് തിരിച്ചെത്തുന്നു; ഒപ്പം വാട്സാപ്പ് ടിക്കറ്റിങ്ങും"
english_title: "KSRTC Resumes Own Courier Service, WhatsApp Ticketing System Launches Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376937/ksrtc-resumes-courier-service-whatsapp-ticketing-new"
published_at: "2026-08-06T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740ddc81cbe_ksrtc-resumes-courier-service-whatsapp-ticketing.jpg"
keywords: ["KSRTC courier service", "KSRTC WhatsApp ticket", "Transport Minister CP John", "KSRTC updates"]
---

# ഞങ്ങൾ തന്നെ തിരിച്ചുവരുന്നു...! സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്ആർടിസി കൊറിയർ സർവീസ് തിരിച്ചെത്തുന്നു; ഒപ്പം വാട്സാപ്പ് ടിക്കറ്റിങ്ങും

> **Lead Summary:** **തിരുവനന്തപുരം: **ഒരിടവേളയ്ക്ക് ശേഷം കെഎസ്ആർടിസി തങ്ങളുടെ കൊറിയർ സർവീസ് വീണ്ടും പുനരാരംഭിക്കുന്നു. സ്വകാര്യ ഏജൻസിയെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഇനി മുതൽ കെഎസ്ആർടിസി സ്വന്തം നിലയിലാണ് കൊറിയർ-ലോജിസ്റ്റിക്സ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

## Article Content

**തിരുവനന്തപുരം: **ഒരിടവേളയ്ക്ക് ശേഷം കെഎസ്ആർടിസി തങ്ങളുടെ കൊറിയർ സർവീസ് വീണ്ടും പുനരാരംഭിക്കുന്നു. സ്വകാര്യ ഏജൻസിയെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഇനി മുതൽ കെഎസ്ആർടിസി സ്വന്തം നിലയിലാണ് കൊറിയർ-ലോജിസ്റ്റിക്സ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

യാത്രക്കാർക്ക് കൂടുതൽ എളുപ്പമേകുന്ന മറ്റൊരു സുപ്രധാന പദ്ധതി കൂടി ഇന്ന് ആരംഭിക്കുന്നുണ്ട്. കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ വാട്സാപ്പിലൂടെ ലഭ്യമാക്കുന്ന പുതിയ സംവിധാനം ഇന്ന് ഔദ്യോഗികമായി തുടക്കമാകും. സംസ്ഥാന ഗതാഗത മന്ത്രി സി.പി. ജോൺ ചടങ്ങിൽ പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള 'സിംഗു സൊല്യൂഷൻസ്' എന്ന സ്വകാര്യ ഏജൻസിക്കായിരുന്നു ഇതുവരെ കൊറിയർ നടത്തിപ്പ് ചുമതല നൽകിയിരുന്നത്. എന്നാൽ സേവനം തീർത്തും മോശമാണെന്ന് കാണിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് കെഎസ്ആർടിസി കർശന നടപടി സ്വീകരിച്ചത്.

സേവനം മതിയാക്കാൻ ഏജൻസിക്ക് അധികൃതർ നോട്ടീസ് നൽകുകയും ഇതിന്റെ ഭാഗമായി കൊറിയർ ബുക്കിംഗ് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ആദ്യകാലങ്ങളിൽ കെഎസ്ആർടിസി നേരിട്ട് ഈ സർവീസ് നടത്തിയിരുന്ന സമയത്ത് മികച്ച വരുമാനമാണ് സ്ഥാപനത്തിന് ലഭിച്ചിരുന്നത്.

എന്നാൽ കൂടുതൽ പ്രൊഫഷണൽ രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പിന്നീട് നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. ഈ പരീക്ഷണ പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ വീണ്ടും സ്വന്തം സംവിധാനത്തിലേക്ക് തന്നെ തിരിച്ചെത്താൻ തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376937/ksrtc-resumes-courier-service-whatsapp-ticketing-new)