---
title: "അമ്മയുടെ നിയമപോരാട്ടം ഫലം കാണുന്നു: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും"
english_title: "Abhimanyu Murder Case Trial Begins Today in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376912/abhimanyu-murder-case-trial-begins-kerala-new"
published_at: "2026-08-06T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73edcd2b55b_abhimanyu-murder-case-trial-begins-kerala.jpg"
keywords: ["Abhimanyu Murder Case", "Maharaja's College", "SFI", "Kerala High Court"]
---

# അമ്മയുടെ നിയമപോരാട്ടം ഫലം കാണുന്നു: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

> **Lead Summary:** **എറണാകുളം : **എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ നടപടി.

## Article Content

**എറണാകുളം : **എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ നടപടി.

അഭിമന്യൂവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. വിചാരണ അനന്തമായി നീളുന്നത് ചൂണ്ടിക്കാണിച്ചാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഇനിയൊരു സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യൂവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത്. ഈ കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 16 പ്രതികളും അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ജൂലൈ ആറിന് മുഴുവൻ പ്രതികളെയും വിചാരണ കോടതിയിൽ എത്തിച്ച് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്തിരുന്നു. 'വർഗീയത തുലയട്ടെ' എന്ന വാചകം ചുവരിൽ എഴുതിയതിലുള്ള വിരോധം മൂലമാണ് പ്രതികൾ അഭിമന്യുവിനെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കാമ്പസ് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ അന്തിമ വിധി കേരളം ഉറ്റുനോക്കുകയാണ്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376912/abhimanyu-murder-case-trial-begins-kerala-new)