---
title: "എഴുന്നേൽക്കേണ്ട, ഉറങ്ങിക്കോളൂ....! കനത്ത മഴ; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Kerala Rains: IMD Issues Orange Alert in 7 Districts, Heavy Showers Expected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376909/kerala-rains-orange-alert-imd-warning-"
published_at: "2026-08-06T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73e51037107_kerala-rains-orange-alert-imd-warning.jpg"
keywords: ["IMD Orange Alert", "Kerala Weather", "Heavy Rain Warning", "School Holiday Kerala", "Kerala Rain"]
---

# എഴുന്നേൽക്കേണ്ട, ഉറങ്ങിക്കോളൂ....! കനത്ത മഴ; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കൂടുതൽ കനക്കുന്നത്. തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കൂടുതൽ കനക്കുന്നത്. തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. ഇതിനുപുറമേ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് മലയോര മേഖലകളിൽ ഉരുൾപൊട്ടൽ അടക്കമുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം താലൂക്ക്, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇതിനുപുറമേ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാതടസ്സം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

*തിരുവനന്തപുരം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (06/08/2026) രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.*

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376909/kerala-rains-orange-alert-imd-warning-)