---
title: "പ്രസവാനന്തര മാനസികാരോഗ്യം കരുതണം: ആരോഗ്യമുള്ള അമ്മയ്ക്കേ ആരോഗ്യമുള്ള കുഞ്ഞിനെ വളർത്താനാവൂ,  തിരിച്ചറിയേണ്ടത്...."
english_title: "Postpartum Mental Health and Breastfeeding: Supporting Mothers During World Breastfeeding Week"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376903/postpartum-mental-health-breastfeeding-world-breastfeeding-week"
published_at: "2026-08-05T22:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a736a16281a5_postpartum-mental-health-breastfeeding-world-breastfeeding-week.jpg"
keywords: ["Postpartum Depression", "Breastfeeding", "Mental Health", "Mother Care", "Kerala Health"]
---

# പ്രസവാനന്തര മാനസികാരോഗ്യം കരുതണം: ആരോഗ്യമുള്ള അമ്മയ്ക്കേ ആരോഗ്യമുള്ള കുഞ്ഞിനെ വളർത്താനാവൂ,  തിരിച്ചറിയേണ്ടത്....

> **Lead Summary:** ഒരു കുഞ്ഞിന്റെ ജനനം ഏതൊരു കുടുംബത്തിലും വലിയ സന്തോഷവും പ്രതീക്ഷകളും കൊണ്ടുവരുന്ന നിമിഷമാണ്. എന്നാൽ അതേ സമയം, പുതിയ അമ്മയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന വലിയ മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണിത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ പുതിയ രക്ഷിതാക്കൾ കൂടി ജനിക്കുന്നു എന്നാണാലോ പറയാറുള്ളത്.

## Article Content

ഒരു കുഞ്ഞിന്റെ ജനനം ഏതൊരു കുടുംബത്തിലും വലിയ സന്തോഷവും പ്രതീക്ഷകളും കൊണ്ടുവരുന്ന നിമിഷമാണ്. എന്നാൽ അതേ സമയം, പുതിയ അമ്മയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന വലിയ മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണിത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ പുതിയ രക്ഷിതാക്കൾ കൂടി ജനിക്കുന്നു എന്നാണാലോ പറയാറുള്ളത്.

അമ്മമാരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും മാനസികവും വളർച്ചാപരവുമായ പുരോഗതികളും വൈകാരിക ബന്ധങ്ങളും വളർന്നു വരുന്ന ഈ ഘട്ടത്തിൽ, നാം പ്രത്യേക ശ്രദ്ധയും കരുതലും ഇരുവർക്കും നൽകുന്നതും അതുകൊണ്ടുതന്നെയാണ്.

ഓഗസ്റ്റ് 01 മുതൽ 07 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുമ്പോൾ, നാം കുഞ്ഞിന്റെ പോഷകാഹാരത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കേണ്ടത്, മറിച്ച് അത് നൽകുന്ന അമ്മയുടെ മാനസികാരോഗ്യത്തെക്കുറിച്ച് കൂടെയാണ്. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളും വ്യതിയാനങ്ങളും (പോസ്റ്റ്പാർട്ടം മൂഡ് ഡിസോർഡേഴ്സ്) കുഞ്ഞിനെ മുലയൂട്ടുന്ന അനുഭവവും തമ്മിൽ വളരെ ആഴത്തിലുള്ള ഒരു ബന്ധമുണ്ട്.

**

പ്രസവാനന്തര മാനസികാവസ്ഥകൾ: തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ**

പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം:

• ബേബി ബ്ലൂസ്: പ്രസവശേഷം ആദ്യത്തെ രണ്ടു ആഴ്ചകളിൽ കാണപ്പെടുന്ന നിസ്സാരമായ മൂഡ് മാറ്റങ്ങൾ, കരച്ചിൽ, ആശങ്ക എന്നിവയാണിത്. ഇത് ഹോർമോൺ വ്യതിയാനങ്ങൾ മൂലം സംഭവിക്കുന്നതും സാധാരണയായി താനേ മാറുന്നതുമാണ്.

• പോസ്റ്റ്പാർട്ടം ഡിപ്രഷൻ: പ്രസവാനന്തര വിഷാദരോഗം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും, ദൈനംദിന കാര്യങ്ങളെയും കുഞ്ഞിനെ പരിചരിക്കുന്നതിനെയും ബാധിക്കുകയും ചെയ്യുന്നു. കഠിനമായ സങ്കടം, ക്ഷീണം, കുഞ്ഞിനോട് വൈകാരികമായി അടുപ്പം തോന്നാതിരിക്കുക എന്നിവയാണ് ലക്ഷണങ്ങൾ.

• പോസ്റ്റ്പാർട്ടം ആങ്സൈറ്റി: കുഞ്ഞിന്റെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് അമിതമായ ഭയവും വേവലാതിയും ഉണ്ടാകുന്ന അവസ്ഥ. തീവ്രമായ അസ്വസ്ഥത, ആശയക്കുഴപ്പം, നിസ്സഹായതാബോധം, മിഥ്യാധാരണകൾ അല്ലെങ്കിൽ ഭ്രമാത്മകമായ കാഴ്ചകൾ, അതിവേഗത്തിലുള്ള സംസാരം, ഉന്മാദാവസ്ഥ എന്നിവയാണ് ലക്ഷണങ്ങൾ.

പ്രസവശേഷം അമ്മയുടെ ശരീരത്തിൽ അടിയന്തിരവും സ്വാഭാവികവുമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. പലപ്പോഴും ഈ ശാരീരിക ബുദ്ധിമുട്ടുകൾ അമ്മമാരിൽ കഠിനമായ മാനസിക സമ്മർദ്ദത്തിനും സ്വയം അപകർഷതാബോധത്തിനും കാരണമാകാറുണ്ട്. ശാരീരികമായി ഉണ്ടാകുന്ന അസ്വസ്ഥതകളും ഉറക്കമില്ലായ്മയും അമ്മമാരിൽ മാനസികമായ തളർച്ച ഉണ്ടാക്കുന്നു. സ്വന്തം ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത് പ്രസവാനന്തര വിഷാദത്തിന് ആക്കം കൂട്ടാം.

**മുലയൂട്ടലും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം**

മുലയൂട്ടൽ എന്നത് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല, അതിനേക്കാളേറെ വൈകാരികമായ ഒരു അനുഭവമാണ്. കുഞ്ഞിന് അത്യന്താപേക്ഷിതമായ മുലപ്പാൽ നൽകുന്നതിലൂടെ കുഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല, അമ്മയും കുഞ്ഞും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തുടക്കം കൂടിയാണ് നടക്കുന്നത്. അത് കുഞ്ഞിനും അമ്മക്കും ഇടയിൽ പരസ്പര സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അടിത്തറ പാകുന്നു. അതുകൊണ്ടെല്ലാം തന്നെ മുലപ്പാൽ എന്നത് കേവലം കുഞ്ഞിനുള്ള ഭക്ഷണത്തേക്കാളുപരി കുഞ്ഞിനെ ഈ ലോകത്തേക്ക് കൈപിടിച്ചുകേറ്റുന്ന അമൃതുകൂടിയാണ്.

**മാനസിക സമ്മർദ്ദവും പാൽ ഉത്പാദനവും**

അമ്മ അമിതമായ വിഷാദത്തിലൂടെയോ ഉത്കണ്ഠയിലൂടെയോ കടന്നുപോകുമ്പോൾ, അത് പാലുത്പാദനത്തെയും പാൽ ചുരത്തുന്നതിനെയും പ്രതികൂലമായി ബാധിച്ചേക്കാം. ചില കാരണങ്ങളാൽ മുലയൂട്ടാൻ സാധിക്കാതെ വരികയോ, അസഹനീയമായ വേദന അനുഭവപ്പെടുകയോ ചെയ്യുമ്പോൾ അമ്മമാരിൽ കഠിനമായ കുറ്റബോധം ഉണ്ടാകാറുണ്ട്. ഇത് വിഷാദം കൂട്ടാൻ കാരണമാകുന്നു.

**കുഞ്ഞിന്റെ വളർച്ചയെയും വികാസത്തെയും ഇത് എങ്ങനെ ബാധിക്കുന്നു?**

ഒരു കുട്ടിയുടെ ആദ്യകാല വികാസത്തിന് ഏറ്റവും പ്രധാനം അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധമാണ്. അമ്മ പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, കുഞ്ഞിന്റെ പ്രതികരണങ്ങളോട് കൃത്യമായി സംവേദനം നടത്താൻ അമ്മയ്ക്ക് സാധിച്ചേക്കില്ല. ഇത് കുഞ്ഞിന്റെ സാമൂഹിക-വൈകാരിക വളർച്ചയെയും ഭാഷാ വികാസത്തെയും സാരമായി ബാധിക്കാം.

അതുകൊണ്ടുതന്നെ പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന ഒരു അമ്മയ്ക്ക് കൃത്യമായ പിന്തുണയും പുനരധിവാസവും നൽകേണ്ടത് അത്യാവശ്യമാണ്:

1. വൈകാരിക പിന്തുണയും പങ്കാളിയുടെ പങ്കും: അച്ഛന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് ഏറ്റവും പ്രധാനം. മുലയൂട്ടൽ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല, അതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക എന്നത് കുടുംബത്തിന്റെ കടമയാണ്.

2. പ്രൊഫഷണൽ കൗൺസിലിംഗ്: വിഷാദത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ മടിക്കാതെ ഒരു സൈക്കോളജിസ്റ്റിന്റെയോ കൗൺസിലറുടെയോ സഹായം തേടുക.

3. സ്വയം പരിചരണം: അമ്മയ്ക്ക് ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

4. ഫീഡിംഗ് സംബന്ധിച്ച ബോധവൽക്കരണം: മുലയൂട്ടൽ സാധ്യമായില്ലെങ്കിൽ ഫോർമുല ഫീഡിംഗ് തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ലെന്നും, ഒരു അമ്മ എന്ന നിലയിൽ അതൊരു കുറവോ മോശമോ ആയ കാര്യമല്ലെന്ന് മനസ്സിലാക്കുക.

5. ശാരീരിക മാറ്റങ്ങളെ ഉൾക്കൊള്ളാം: ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം വീണ്ടെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകുന്നതിന്റെ സ്വാഭാവിക തെളിവുകളാണ് ശാരീരിക മാറ്റങ്ങളെന്ന് അമ്മമാരെ ഓർമ്മിപ്പിക്കുകയും മനസിലാക്കുകയുമാണ് വേണം. ഈ സമയത്ത് ആവശ്യത്തിന് വിശ്രമവും ശരിയായ പോഷകാഹാരവും വീട്ടുകാരുടെ മാനസിക പിന്തുണയും ഉറപ്പാക്കാം.

ലോക മുലയൂട്ടൽ വാരം ആചരിക്കുന്ന ഈ വേളയിൽ, നാം ഓരോരുത്തരും മനസ്സിലാക്കേണ്ട പ്രധാന കാര്യമാണ് ആരോഗ്യമുള്ള ഒരു അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വളർത്താൻ സാധിക്കൂ എന്നത്. അമ്മയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും സംരക്ഷിക്കപ്പെടുമ്പോഴാണ് മുലയൂട്ടൽ എന്നത് പൂർണ അർത്ഥത്തിൽ വിജയകരമാകുന്നത്.

പ്രസവാനന്തര വിഷാദവും ഉത്കണ്ഠയും ഒരു വ്യക്തിയുടെ കുറ്റമല്ല, മറിച്ച് കൃത്യമായ പരിചരണത്തിലൂടെ മാറ്റാവുന്ന ഒരു വൈദ്യശാസ്ത്ര അവസ്ഥ മാത്രമാണ്. അതിനാൽ, പുതിയ അമ്മമാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, അവരെ കേൾക്കാനും പിന്തുണയ്ക്കാനും സമയം കണ്ടെത്താം. അമ്മയുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിലൂടെ മാത്രമാണ് ഒരു കുഞ്ഞിന്റെ പൂർണ്ണമായ വളർച്ചയും വികാസവും സാധ്യമാക്കാൻ കഴിയുന്നത് എന്ന് എപ്പോഴും ഓർക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376903/postpartum-mental-health-breastfeeding-world-breastfeeding-week)