---
title: " കുപ്പി പദ്ധതിയിൽ യു ടേൺ....! ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപയില്ല; പദ്ധതി നിർത്തലാക്കി ബെവ്കോ"
english_title: "Bevco Scraps 20 Rupee Deposit Scheme For Plastic Liquor Bottles From Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376897/bevco-scraps-plastic-bottle-deposit-scheme-20-rupee"
published_at: "2026-08-05T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a735f2ca264e_bevco-scraps-plastic-bottle-deposit-scheme-20-rupee.jpg"
keywords: ["Bevco", "Plastic Bottle", "Liquor Shop Kerala", "Beverages  Corporation"]
---

#  കുപ്പി പദ്ധതിയിൽ യു ടേൺ....! ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപയില്ല; പദ്ധതി നിർത്തലാക്കി ബെവ്കോ

> **Lead Summary:** കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുത്ത് 20 രൂപ ഡിപ്പോസിറ്റ് തുക തിരികെ നൽകുന്ന ബെവ്കോ പദ്ധതി നിർത്തലാക്കി. നാളെ മുതൽ പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഈടാക്കിയിരുന്ന 20 രൂപ അധിക തുകയും ഉണ്ടായിരിക്കില്ല.

## Article Content

കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുത്ത് 20 രൂപ ഡിപ്പോസിറ്റ് തുക തിരികെ നൽകുന്ന ബെവ്കോ പദ്ധതി നിർത്തലാക്കി. നാളെ മുതൽ പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഈടാക്കിയിരുന്ന 20 രൂപ അധിക തുകയും ഉണ്ടായിരിക്കില്ല.

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ 20 രൂപ അധികം ഈടാക്കി പ്രത്യേക ക്യൂആർ കോഡ് പതിച്ചായിരുന്നു വിൽപ്പന.

പിന്നീട് ഈ ക്യൂആർ കോഡ് പതിച്ച കാലിക്കുപ്പികൾ അതേ ഔട്ട്ലെറ്റിൽ തിരികെ നൽകിയാൽ ഉപഭോക്താവിന് 20 രൂപ തിരികെ ലഭിക്കുന്നതായിരുന്നു രീതി.

പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയർന്നിരുന്നു. മദ്യശാലകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.കാലിയായ മദ്യക്കുപ്പികൾ നീക്കം ചെയ്യാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികൾ കൈയടക്കിയതോടെ പുതിയ സ്റ്റോക്ക് വെക്കുന്നതിന് പോലും തടസ്സമായി.

കുപ്പികൾ ശേഖരിക്കുന്നതും അടുക്കി വെക്കുന്നതും ജീവനക്കാർക്ക് അധിക ജോലിഭാരമായി. ചില മദ്യശാലകൾക്ക് സമീപം പ്ലാസ്റ്റിക് കുപ്പികൾ കുമിഞ്ഞു കൂടുന്നതും വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി പിൻവലിക്കാൻ ബെവ്കോ തീരുമാനിച്ചത്.

പദ്ധതി പിൻവലിച്ച വിവരം എല്ലാ ഔട്ട്ലെറ്റുകളിലും നോട്ടീസ് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ ഈ പദ്ധതി പ്രകാരം 6.63 കോടിയോളം രൂപ ബെവ്കോ ഉപഭോക്താക്കൾക്ക് തിരികെ നൽകിയിരുന്നു.

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനുള്ള ബദൽ മാർഗങ്ങൾ സംബന്ധിച്ച് ബെവ്കോ പിന്നീട് തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376897/bevco-scraps-plastic-bottle-deposit-scheme-20-rupee)