---
title: "'മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല, തമിഴ്‌നാടിനെ വിയോജിപ്പ് അറിയിക്കും' - മന്ത്രി മോൻസ് ജോസഫ്"
english_title: "Kerala Opposes Mullaperiyar Water Level Hike, Minister Mons Joseph Says"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376895/mullaperiyar-water-level-kerala-opposes-mons-joseph"
published_at: "2026-08-05T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a735cd570678_mullaperiyar-water-level-kerala-opposes-mons-joseph.jpg"
keywords: ["Mullaperiyar Dam", "Tamil Nadu", "Mons Joseph", "Kerala Government"]
---

# 'മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല, തമിഴ്‌നാടിനെ വിയോജിപ്പ് അറിയിക്കും' - മന്ത്രി മോൻസ് ജോസഫ്

> **Lead Summary:** തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ജലനിരപ്പ് വർധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

## Article Content

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ജലനിരപ്പ് വർധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് അടിയന്തരയോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയെന്നും കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

> മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക എന്നത് തന്നെയാണ് കേരളത്തിന്റെ സ്ഥിരം നിലപാടെന്ന് മന്ത്രി ആവർത്തിച്ചു. "കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം" എന്നതാണ് സർക്കാരിന്റെ അടിസ്ഥാന നയം. തമിഴ്നാട് സർക്കാരുമായി കൂടിയാലോചന നടത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിന് കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർത്താൻ ആർക്കും അധികാരമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാടിന്റെ നിലപാട് സുപ്രീംകോടതിയുടെ നിർദേശത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് തമിഴ്നാട് ബജറ്റിൽ പ്രഖ്യാപിച്ചത്.

അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ബജറ്റിൽ പറയുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവ വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറിയും മുൻ എൻജിനീയർ ഇൻ ചീഫുമായ അശുതോഷ് ഡാഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

തമിഴ്നാടിന്റെ ഏകപക്ഷീയ പ്രഖ്യാപനത്തിൽ കേരളം ശക്തമായ എതിർപ്പ് രേഖപ്പെടുത്തും. ഡാമിന്റെ സുരക്ഷയാണ് കേരളത്തിന് ഏറ്റവും പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376895/mullaperiyar-water-level-kerala-opposes-mons-joseph)