---
title: "വാഹനങ്ങളുടെ രൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അനുമതി നൽകാൻ അധികാരമില്ലെന്ന് നിതിൻ ഗഡ്കരി രാജ്യസഭയിൽ"
english_title: "States Have No Power To Approve Vehicle Modifications: Nitin Gadkari In Rajya Sabha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376893/vehicle-modification-states-no-power-centre-nitin-gadkari"
published_at: "2026-08-05T20:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7355225c425_vehicle-modification-states-no-power-centre-nitin-gadkari.jpg"
keywords: ["Vehicle Modification", "Nitin Gadkari", "Motor Vehicle Act 1988", "Rajya Sabha"]
---

# വാഹനങ്ങളുടെ രൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അനുമതി നൽകാൻ അധികാരമില്ലെന്ന് നിതിൻ ഗഡ്കരി രാജ്യസഭയിൽ

> **Lead Summary:** ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വി.ശിവദാസൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇത് അറിയിച്ചത്.

## Article Content

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വി.ശിവദാസൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇത് അറിയിച്ചത്.

രാജ്യത്ത് വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കർശനമായ കേന്ദ്ര നിയമങ്ങൾ നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ മാത്രമാണ് സംസ്ഥാനങ്ങൾക്ക് നിലവിൽ അധികാരമുള്ളതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി സംസ്ഥാന സർക്കാരുകൾക്ക് വാഹനങ്ങളുടെ പരമാവധി വേഗത നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കാം.

ഇതൊഴിച്ചു നിർത്തിയാൽ, കമ്പനി നിർമിച്ച് നിരത്തിലിറക്കുന്ന വാഹനങ്ങളിൽ ഒരു തരത്തിലുള്ള രൂപമാറ്റങ്ങൾക്കും അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്ന കാര്യമല്ല.

1988ലെ മോട്ടോർ വാഹന നിയമപ്രകാരം വാഹന നിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിൽ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്താൻ പാടില്ലെന്ന് കർശനമായ ചട്ടമുണ്ട്. ഓരോ വാഹനവും പുറത്തിറങ്ങുന്ന സമയത്ത് അതിന്റെ രൂപവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇതിൽ ഇഷ്ടാനുസരണം മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്കോ വാഹന നിർമാതാക്കൾക്ക് തന്നെയോ അധികാരമില്ല. ഇനി എന്തെങ്കിലും അനിവാര്യമായ മാറ്റങ്ങൾ വാഹനത്തിൽ വരുത്തണമെങ്കിൽ തന്നെ അതിന് കർശനമായ കേന്ദ്ര ചട്ടങ്ങളുണ്ട്. നിയമപരമായ വലിയ നൂലാമാലകൾ കടന്ന് ആ മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കൂടി തിരുത്തി രേഖപ്പെടുത്തേണ്ടതുണ്ട്.

വാഹന പ്രേമികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വാഹനങ്ങളിൽ ചെറിയ രീതിയിലുള്ള മോഡിഫിക്കേഷനുകൾക്ക് ഇളവ് നൽകാൻ സംസ്ഥാന സർക്കാർ അടുത്തിടെ ആലോചിച്ചിരുന്നു. നിയമവിധേയമായി എന്തൊക്കെ മാറ്റങ്ങൾ വാഹനത്തിൽ വരുത്താൻ സാധിക്കുമെന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിൽ ചർച്ചകളും നടന്നിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ കടുത്ത നിലപാടോടെ, സംസ്ഥാന സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376893/vehicle-modification-states-no-power-centre-nitin-gadkari)