---
title: "ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല"
english_title: "Holiday Declared for Schools in 3 Alappuzha Taluks Due to Flood, Relief Camps Open"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376890/alappuzha-school-holiday-kuttanad-chengannur-karthikappally-flood"
published_at: "2026-08-05T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a734dba20496_alappuzha-school-holiday-kuttanad-chengannur-karthikappally-flood.jpg"
keywords: ["Kerala Rain", "School Holiday", "Relief Camp", "Kerala Weather"]
---

# ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

> **Lead Summary:** ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി എന്നീ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ് അവധി ബാധകം.

## Article Content

ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി എന്നീ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ് അവധി ബാധകം.

കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മഴ കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നേരിയ ആശ്വാസമുണ്ട്. കയറിയ വെള്ളം മിക്കയിടത്തും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.കുട്ടനാട് താലൂക്കിൽ വെള്ളം കയറിയ മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി. കിഴക്ക് നിന്നുള്ള വെള്ളത്തിന്റെ വരവിലും കുറവുണ്ടായിട്ടുണ്ട്.

എങ്കിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയവർക്ക് സാധാരണ ജീവിതം പുനസ്ഥാപിക്കാൻ ഇനിയും 3 മുതൽ 4 ദിവസം വരെ കാത്തിരിക്കേണ്ടി വരും.

ചെങ്ങന്നൂരിൽ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിൽ വെള്ളം ഇറങ്ങിയെങ്കിലും ചെന്നിത്തല പഞ്ചായത്തിൽ ബുദ്ധിമുട്ട് തുടരുകയാണ്. ജില്ലയിലുടനീളമുള്ള പല താഴ്ന്ന പ്രദേശങ്ങളിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.

**മറ്റ് ജില്ലകളിലെ അവധി വിവരങ്ങൾ:**

പത്തനംതിട്ടയിൽ തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

വയനാട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ. എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് നാളെ അവധിയായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376890/alappuzha-school-holiday-kuttanad-chengannur-karthikappally-flood)