---
title: "കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം; സ്റ്റോപ്പ് മെമ്മോ നൽകി"
english_title: "Kerala Govt Orders Closure of Fresh Cut Waste Plant in Thamarassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376888/thamarassery-fresh-cut-waste-plant-closed-govt-order"
published_at: "2026-08-05T20:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a734c1762f2b_thamarassery-fresh-cut-waste-plant-closed-govt-order.jpg"
keywords: ["Thamarassery Fresh Cut Plant", "Kozhikode News", "Waste Plant Closure", "Kerala Government"]
---

# കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം; സ്റ്റോപ്പ് മെമ്മോ നൽകി

> **Lead Summary:** കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി താമരശ്ശേരി എംഎൽഎ പി.കെ. ഫിറോസ് അറിയിച്ചു. നാട്ടുകാരുടെ നാളുകളായുള്ള സമരവും പ്രതിഷേധവും കണക്കിലെടുത്താണ് സർക്കാർ ഈ കടുത്ത നടപടിയിലേക്ക് കടന്നത്.

## Article Content

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി താമരശ്ശേരി എംഎൽഎ പി.കെ. ഫിറോസ് അറിയിച്ചു. നാട്ടുകാരുടെ നാളുകളായുള്ള സമരവും പ്രതിഷേധവും കണക്കിലെടുത്താണ് സർക്കാർ ഈ കടുത്ത നടപടിയിലേക്ക് കടന്നത്.

വെള്ളപ്പൊക്കത്തിൽ പ്ലാന്റിനുള്ളിൽ വെള്ളം കയറിയതും അതിനെ തുടർന്ന് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോയതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാർ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചതെന്നും എംഎൽഎ പറഞ്ഞു.

ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാർ പ്ലാന്റിനെതിരെ നാളുകളായി പ്രതിഷേധിക്കുന്നത്. ഒക്ടോബർ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

പ്രതിഷേധക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു.സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. ഇതാദ്യമായാണ് പ്രതിഷേധം ഇത്രയും രൂക്ഷമായ സംഘർഷത്തിൽ കലാശിക്കുന്നത്.

പ്ലാന്റ് പ്രവർത്തനം മൂലം കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നുവെന്നും ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നുവെന്നും നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. സർക്കാർ തീരുമാനം നാട്ടുകാർക്ക് ആശ്വാസമായിട്ടുണ്ട്.

സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്ലാന്റിലെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കും. പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376888/thamarassery-fresh-cut-waste-plant-closed-govt-order)