---
title: "വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവർക്ക് ദാരുണാന്ത്യം, നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്"
english_title: "Attingal School Bus Crash: Driver Dies of Heart Attack, 2 Students Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376886/attingal-school-bus-accident-driver-dies-heart-attack"
published_at: "2026-08-05T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73479c4a5e7_attingal-school-bus-accident-driver-dies-heart-attack.jpg"
keywords: ["Attingal Accident", "School Bus Crash", "Heart Attack", "Thiruvananthapuram News"]
---

# വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവർക്ക് ദാരുണാന്ത്യം, നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു.

## Article Content

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു.

ബസിലുണ്ടായിരുന്ന 2 കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു. ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. താൽക്കാലിക ബസ് ഡ്രൈവറായ മുരളീധരൻ പിള്ളയാണ് മരിച്ചത്.

കുട്ടികളുമായി ചിറയിൻകീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ബസിൽ ആയയും 5 കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും വാഹനം റോഡരികിലെ മതിലിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടികളുടെ പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ള കുട്ടികളെയും ആയയെയും സുരക്ഷിതമായി വീടുകളിൽ എത്തിച്ചു.

സ്ഥിരം ഡ്രൈവർക്ക് അസുഖമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായാണ് മുരളീധരൻ പിള്ള ഈ ബസിൽ താൽക്കാലികമായി ജോലിക്ക് എത്തിയിരുന്നത്. സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ആ ഭാഗത്തെ ഗതാഗതം കുറച്ച് നേരം തടസ്സപ്പെട്ടു. സ്കൂൾ അധികൃതരും രക്ഷിതാക്കളും സംഭവസ്ഥലത്തെത്തി. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376886/attingal-school-bus-accident-driver-dies-heart-attack)