---
title: " ക്രൂരത കുരുന്നിനോട്...! കുടുംബവഴക്കിനെ തുടർന്ന്സഹോദര​ന്റെ കുഞ്ഞി​ന്റെ വായിൽ സൂപ്പർ ​ഗ്ലൂ ഒഴിച്ച് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ് "
english_title: "Pune Woman Pours Super Glue Into Infant's Mouth After Family Dispute, Baby in ICU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376878/pune-woman-super-glue-infant-mouth-icu-case"
published_at: "2026-08-05T18:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7333aa80c58_pune-woman-super-glue-infant-mouth-icu-case.jpg"
keywords: ["Child Abuse", "Crime News", "Family Dispute", "Maharashtra News"]
---

#  ക്രൂരത കുരുന്നിനോട്...! കുടുംബവഴക്കിനെ തുടർന്ന്സഹോദര​ന്റെ കുഞ്ഞി​ന്റെ വായിൽ സൂപ്പർ ​ഗ്ലൂ ഒഴിച്ച് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ് 

> **Lead Summary:** പൂന: കുടുംബവഴക്കിനെ തുടർന്ന് സഹോദരന്റെ കുഞ്ഞിന്റെ വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ച് യുവതി. സംഭവത്തിൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പൂനയിൽ നടന്ന സംഭവത്തിൽ സഹോദരി സാനിയ ഷെയ്ഖിനെതിരെ കുഞ്ഞിന്റെ പിതാവ് അൽതാഫ് നദീം ഷെയ്ഖ് പരാതി നൽകി.

## Article Content

പൂന: കുടുംബവഴക്കിനെ തുടർന്ന് സഹോദരന്റെ കുഞ്ഞിന്റെ വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ച് യുവതി. സംഭവത്തിൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പൂനയിൽ നടന്ന സംഭവത്തിൽ സഹോദരി സാനിയ ഷെയ്ഖിനെതിരെ കുഞ്ഞിന്റെ പിതാവ് അൽതാഫ് നദീം ഷെയ്ഖ് പരാതി നൽകി.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടേതും കൂട്ടുകുടുംബമാണ്. നിരന്തരം ഇവർക്കിടയിൽ വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. കുഞ്ഞ് ഛർദ്ദിച്ചതിനു പിന്നാലെ അമ്മ സൈനബാണ് കുട്ടിയുടെ ചുണ്ടുകൾ ഒട്ടിപ്പിടിച്ചിരിക്കുന്നതായി ശ്രദ്ധിച്ചത്.

ഉടൻ തന്നെ ഭർത്താവിനെ വിവരമറിയിക്കുകയും കുഞ്ഞിനെ പൂനയിലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിശോധനയിൽ കുഞ്ഞിന്റെ വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ചതായി കണ്ടെത്തി. ഡോക്ടർമാർ ഉടൻ തന്നെ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു വരികയാണെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ മനീഷ പാട്ടീൽ അറിയിച്ചു.

> സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയോട് ചോദിച്ചപ്പോൾ "എന്താണ് സംഭവിച്ചതെന്ന് പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും" എന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സഹോദരി കൂടാതെ മറ്റ് രണ്ട് പേർക്കെതിരെയും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.

> പ്രതികൾ പിന്നീട് ആശുപത്രി സന്ദർശിച്ച് "നിയമനടപടി സ്വീകരിച്ചാൽ അതിന്റെ ഭവിഷത്ത് നേരിടേണ്ടി വരും" എന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്.

കുഞ്ഞിനെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് സാനിയ ഷെയ്ഖിനും കൂട്ടുപ്രതികൾക്കുമെതിരെ പൊലീസ് കേസെടുത്തത്. കുടുംബത്തിലെ തർക്കങ്ങൾ കുഞ്ഞിന്റെ ജീവന് ഭീഷണിയായ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞ് ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376878/pune-woman-super-glue-infant-mouth-icu-case)