---
title: "'പിണറായി എന്താ കഴിച്ചതെന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതി'; മുഖ്യമന്ത്രിക്ക് കെ. രാജൻ്റെ മറുപടി, ദുരന്തമുഖത്ത് സർക്കാരിന് വീഴ്ചയുണ്ടായെന്ന് വിമർശനം "
english_title: "K Rajan Slams Govt Over Disaster Response, Questions Digital Resurvey Delay"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376877/k-rajan-disaster-digital-resurvey-criticism"
published_at: "2026-08-05T18:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7331f372af3_k-rajan-disaster-digital-resurvey-criticism.jpg"
keywords: ["K Rajan MLA", "Kerala Flood", "Digital Resurvey", "Revenue Department"]
---

# 'പിണറായി എന്താ കഴിച്ചതെന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതി'; മുഖ്യമന്ത്രിക്ക് കെ. രാജൻ്റെ മറുപടി, ദുരന്തമുഖത്ത് സർക്കാരിന് വീഴ്ചയുണ്ടായെന്ന് വിമർശനം 

> **Lead Summary:** > തിരുവനന്തപുരം: 2018-ലെ പ്രളയ ദുരന്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കെ. രാജൻ എംഎൽഎ. "2018-ൽ പ്രളയം ഉണ്ടായപ്പോൾ അന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി എന്താണ് കഴിച്ചത് എന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതി. അവർ ഒരുമിച്ചാണ് അന്ന് ദുരന്ത മേഖലകൾ സന്ദർശിച്ചത്. ഇത്തരം സന്ദർഭങ്ങളെ തികഞ്ഞ വിനയത്തോടെയാണ് നേരിടേണ്ടത്" എന്ന് കെ. രാജൻ പറഞ്ഞു.

## Article Content

> തിരുവനന്തപുരം: 2018-ലെ പ്രളയ ദുരന്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കെ. രാജൻ എംഎൽഎ. "2018-ൽ പ്രളയം ഉണ്ടായപ്പോൾ അന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി എന്താണ് കഴിച്ചത് എന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതി. അവർ ഒരുമിച്ചാണ് അന്ന് ദുരന്ത മേഖലകൾ സന്ദർശിച്ചത്. ഇത്തരം സന്ദർഭങ്ങളെ തികഞ്ഞ വിനയത്തോടെയാണ് നേരിടേണ്ടത്" എന്ന് കെ. രാജൻ പറഞ്ഞു.

അതേസമയം ദുരന്തമുഖത്ത് നിലവിലെ സർക്കാരിന് വീഴ്ചയുണ്ടായെന്ന് കെ. രാജൻ വ്യക്തമാക്കി. റവന്യൂ വകുപ്പിൽ അടുത്തിടെ നടന്ന കൂട്ടസ്ഥലംമാറ്റമാണ് പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്ക് തൊട്ടുമുൻപാണ് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരമുള്ള ഉദ്യോഗസ്ഥരെ മാറ്റിയത് ദുരന്തനിവാരണ പ്രവർത്തനങ്ങളെ ബാധിച്ചു. പത്തനംതിട്ട ഉൾപ്പെടെ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ ഈ സ്ഥലംമാറ്റം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥ മാറ്റങ്ങൾ ഡിജിറ്റൽ റീസർവേയുടെ മുന്നോട്ടുപോക്കിനും തടസമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

> സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ നടപടികൾ സമ്പൂർണമായി താളംതെറ്റിയെന്നും കെ. രാജൻ വിമർശിച്ചു. "സംസ്ഥാനത്ത് ഒരു ചെറിയ പ്രളയമുണ്ടായപ്പോൾ തന്നെ നിലവിൽ റവന്യൂ വകുപ്പ് ഉണ്ടോ എന്ന ചോദ്യം കോൺഗ്രസുകാർ പോലും ഉയർത്തുന്ന സാഹചര്യമാണ്.

> അതിവേഗത്തിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്" എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.1969ൽ ആരംഭിച്ച റീസർവേ നടപടികൾ അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2021ൽ പരിശോധന നടത്തിയപ്പോൾ വെറും 55% റീസർവേ നടപടികൾ മാത്രമാണ് പൂർത്തീകരിച്ചിരുന്നത്.

അതായത് 55 വർഷം കൊണ്ട് 55 ശതമാനം - ഒരു വർഷം കേവലം ഒരു ശതമാനം മാത്രം.ഇതിന് പരിഹാരമായാണ് 2023ൽ ഡിജിറ്റൽ റീസർവേ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാഥമികമായി 839 വില്ലേജുകളിൽ ആരംഭിച്ച നടപടികൾ 251 വില്ലേജുകളിൽ മാത്രമാണ് പൂർത്തീകരിക്കാനായത്. എന്നാൽ പുതിയ സർക്കാർ വന്നതിന് ശേഷം ഈ പദ്ധതി വലിയ രീതിയിൽ താളംതെറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.

ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും നിലവിലെ റവന്യൂ മന്ത്രി എ.പി അനിൽ കുമാറിനും കത്ത് നൽകിയിട്ടുണ്ടെന്ന് കെ.രാജൻ അറിയിച്ചു. ഡിജിറ്റൽ റീസർവേ നടപടികൾ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376877/k-rajan-disaster-digital-resurvey-criticism)