---
title: "'വന്ദേമാതരം പാടിയാൽ മതവിശ്വാസം നഷ്ടപ്പെടുമോ? മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി"
english_title: "Calcutta High Court Says Sky Won't Fall if Vande Mataram is Sung in Madrrasas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376871/calcutta-high-court-vande-mataram-madrrasas"
published_at: "2026-08-05T17:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73282d38574_calcutta-high-court-vande-mataram-madrrasas.jpg"
keywords: ["Calcutta High Court", "Vande Mataram", "Madrrasas West Bengal", "National Song India"]
---

# 'വന്ദേമാതരം പാടിയാൽ മതവിശ്വാസം നഷ്ടപ്പെടുമോ? മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

> **Lead Summary:** **കൊൽക്കത്ത: **മദ്രസകളിൽ 'വന്ദേമാതരം' മുഴുവനായും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിനിടെ സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി.

## Article Content

**കൊൽക്കത്ത: **മദ്രസകളിൽ 'വന്ദേമാതരം' മുഴുവനായും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിനിടെ സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി.

മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മറ്റൊരു മതത്തിന്റെ ആശയമോ വരികളോ ചൊല്ലുന്നത് കൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾ പ്രാർഥനകളിൽ പങ്കാളികളാകുന്ന ഉദാഹരണവും കോടതി ചൂണ്ടിക്കാട്ടി. വന്ദേമാതരം ദേശീയ ഗാനമല്ലെന്നും ദേശീയ ഗീതം മാത്രമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഉത്തരവിന്റെ പേരിൽ മദ്രസകൾക്കെതിരെ ഏതെങ്കിലും ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.

അത്തരം നടപടികൾ ഇല്ലെന്ന് വ്യക്തമായതോടെ, കേവലമായ ആശങ്കകളുടെ അടിസ്ഥാനത്തിൽ സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം വിശദമായി പഠിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമയം അനുവദിച്ച കോടതി കേസ് മാറ്റിവെച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376871/calcutta-high-court-vande-mataram-madrrasas)