---
title: " ചാറ്റ്ജിപിറ്റി-യോട്  വസ്ത്രം നീക്കാൻ...! ട്രെയിനിൽ പർദ ധരിച്ച യുവതിയുടെ ചിത്രമെടുത്ത് എ.ഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ശ്രമം; യുവാവിനെ പിടികൂടി സഹയാത്രക്കാർ "
english_title: "Man Caught on Mumbai Train for Using AI to Create Fake Obscene Image of Muslim Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376869/mumbai-train-ai-misuse-muslim-woman-photo-caught"
published_at: "2026-08-05T17:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a732543a603b_mumbai-train-ai-misuse-muslim-woman-photo-caught.jpg"
keywords: ["AI Misuse", "Deepfake", "ChatGPT", "Women Safety", "Fake Obscene Image"]
---

#  ചാറ്റ്ജിപിറ്റി-യോട്  വസ്ത്രം നീക്കാൻ...! ട്രെയിനിൽ പർദ ധരിച്ച യുവതിയുടെ ചിത്രമെടുത്ത് എ.ഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ശ്രമം; യുവാവിനെ പിടികൂടി സഹയാത്രക്കാർ 

> **Lead Summary:** മുംബൈ: ട്രെയിൻ യാത്രക്കിടെ പർദ ധരിച്ച മുസ്‌ലിം യുവതിയുടെ ചിത്രം രഹസ്യമായി പകർത്തി കൃത്രിമബുദ്ധി ഉപയോഗിച്ച് അശ്ലീല ചിത്രമാക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ കൈയോടെ പിടികൂടി. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

## Article Content

മുംബൈ: ട്രെയിൻ യാത്രക്കിടെ പർദ ധരിച്ച മുസ്‌ലിം യുവതിയുടെ ചിത്രം രഹസ്യമായി പകർത്തി കൃത്രിമബുദ്ധി ഉപയോഗിച്ച് അശ്ലീല ചിത്രമാക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ കൈയോടെ പിടികൂടി. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മിറാജിൽനിന്ന് പൂണെയിലേക്ക് പോവുകയായിരുന്ന പൂണെ-കോലാപൂർ സ്പെഷ്യൽ എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം.

എതിർവശത്തിരുന്ന മുസ്‌ലിം യുവതിയുടെ ചിത്രം തനിക്കെതിരെയിരുന്ന യുവാവ് മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തുകയായിരുന്നു. തുടർന്ന് ‘ചാറ്റ്ജിപിറ്റി’ ആപ്പ് ഉപയോഗിച്ച് ചിത്രത്തിലെ വസ്ത്രങ്ങൾ നീക്കം ചെയ്ത് വ്യാജ അശ്ലീല ചിത്രം നിർമിക്കാനാണ് ശ്രമിച്ചത്.

> “അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന ഞാൻ, താഴെ ഇരുന്ന പർദ ധരിച്ച മുസ്‌ലിം സ്ത്രീയുടെ ചിത്രം അയാൾ പകർത്തുന്നത് കണ്ടു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാനാണ് അയാൾ ശ്രമിച്ചത്” - സംഭവം വീഡിയോയിൽ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരൻ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ മറ്റൊരു യാത്രക്കാരനൊപ്പം ചേർന്ന് യുവാവിനെ നേരിട്ട് ചോദ്യം ചെയ്തു. ഇവർ ചേർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.

ഫോണിലെ ചാറ്റ്ജിപിറ്റി ആപ്പ് പരിശോധിച്ചപ്പോൾ ‘ചിത്രത്തിൽ നിന്ന് ഇത് ഒഴിവാക്കുക’ എന്ന പ്രോംപ്റ്റ് നൽകിയതായി കണ്ടു. എന്നാൽ അശ്ലീലം, നഗ്നത, ലൈംഗിക സ്വഭാവമുള്ള ഉള്ളടക്കങ്ങൾ എന്നിവക്കെതിരായ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ചാറ്റ്ജിപിറ്റി ഈ ആവശ്യം നിരസിച്ചിരുന്നു.

സ്വയം ന്യായീകരിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തു. തുടർന്ന് റെയിൽവേ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് വീഡിയോ പകർത്തിയ വ്യക്തിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി വീഡിയോ പങ്കുവെക്കാൻ അക്രമത്തിന് ഇരയായ യുവതിയുടെ മാതാവ് യാത്രക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എ.ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗവും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് സംഭവം ഉയർത്തിയിരിക്കുന്നത്. റെയിൽവേ പൊലീസ് യുവാവിനെതിരെ ഐ.ടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകൾ പ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376869/mumbai-train-ai-misuse-muslim-woman-photo-caught)