---
title: " 'മാപ്പ് നൽകിവിട്ടയച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്; അല്ലെങ്കിൽ അവൾ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു'; നെഞ്ചുനീറി അധ്യാപികയുടെ ഭർത്താവ്"
english_title: "Faridabad School Teacher Murder: Husband Blames Police Inaction, Accused Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376863/faridabad-teacher-sandhya-murder-amit-arrested-husband-reaction"
published_at: "2026-08-05T17:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7321c2203c8_faridabad-teacher-sandhya-murder-amit-arrested-husband-reaction.jpg"
keywords: ["Faridabad Murder", "School Teacher Killed", "Haryana Crime", "Crime News"]
---

#  'മാപ്പ് നൽകിവിട്ടയച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്; അല്ലെങ്കിൽ അവൾ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു'; നെഞ്ചുനീറി അധ്യാപികയുടെ ഭർത്താവ്

> **Lead Summary:** ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പട്ടാപ്പകൽ സ്കൂളിനുള്ളിൽ കയറി യുവാവ് അധ്യാപികയെ കുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവ് കടുത്ത പ്രതികരണവുമായി രംഗത്ത്. നേരത്തെ പ്രതിക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കർശന നടപടി എടുത്തില്ലെന്നാണ് സന്ധ്യയുടെ ഭർത്താവ് വിക്കി ഗുർജറുടെ ആരോപണം.

## Article Content

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പട്ടാപ്പകൽ സ്കൂളിനുള്ളിൽ കയറി യുവാവ് അധ്യാപികയെ കുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവ് കടുത്ത പ്രതികരണവുമായി രംഗത്ത്. നേരത്തെ പ്രതിക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കർശന നടപടി എടുത്തില്ലെന്നാണ് സന്ധ്യയുടെ ഭർത്താവ് വിക്കി ഗുർജറുടെ ആരോപണം.

സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിയുമായ സന്ധ്യ കർഹാനയാണ് കൊല്ലപ്പെട്ടത്. ഭർത്താവും രണ്ട് മക്കളുമുള്ള 32കാരിയായിരുന്നു സന്ധ്യ. കൊലപാതകം നടത്തിയത് 21കാരനായ അമിത് എന്ന യുവാവാണ്.

കുറച്ചുനാളുകളായി അമിത് സന്ധ്യയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. രണ്ട് വർഷം മുമ്പ് പ്രതിയുടെ ജന്മനാടായ കോട്ട് ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിൽ സന്ധ്യ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്.

> പിന്നീട് അമിത് നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സന്ധ്യ പൊലീസിൽ പരാതി നൽകിയിരുന്നതായും വിക്കി വ്യക്തമാക്കി. "അന്ന് പോലീസ് കർശനമായി പ്രവർത്തിച്ചിരുന്നെങ്കിൽ സന്ധ്യ ഇന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. അമിത്തിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കർശനമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ എന്റെ ഭാര്യ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതാകില്ലായിരുന്നു.

> പ്രതിയെ കേവലം മാപ്പ് പറയിപ്പിച്ച് വിട്ടയച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്," വിക്കി മാധ്യമങ്ങളോട് കണ്ണീരോടെ പറഞ്ഞു.

>  കഴിഞ്ഞ ദിവസം രാവിലെയാണ് ക്രൂരസംഭവം. മുഖം വെള്ളത്തുണി കൊണ്ട് മറച്ചെത്തിയ അമിത്, "ഭർത്താവ് കാണാൻ വന്നിട്ടുണ്ട്" എന്ന് പറഞ്ഞ് വിദ്യാർഥികളോട് അധ്യാപികയെ പുറത്തേക്ക് വിളിപ്പിച്ചു. പിന്നാലെ ക്ലാസ്മുറിക്ക് പുറത്തേക്ക് സന്ധ്യയെ വലിച്ചിഴച്ച പ്രതി 40 സെക്കൻഡിനുള്ളിൽ കഴുത്തിലും നെഞ്ചിലും വയറ്റിലും 25ലധികം തവണ കുത്തി.

ആ സമയം സ്കൂളിൽ 300ലധികം വിദ്യാർഥികൾ ഉണ്ടായിരുന്നു. പലരും ജനലിലൂടെ ഈ ദൃശ്യം കണ്ടു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി ശരീരം സ്ട്രെച്ച് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് വക്താവ് യഷ്പാൽ യാദവ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട അമിത്തിനെ ചോരപുരണ്ട വസ്ത്രങ്ങളോടെ രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സന്ധ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

സ്കൂളിനുള്ളിൽ വെച്ച് അധ്യാപിക കൊല്ലപ്പെട്ട സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്ത്രീ സുരക്ഷയിലും സ്കൂൾ സുരക്ഷയിലും കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376863/faridabad-teacher-sandhya-murder-amit-arrested-husband-reaction)