---
title: " കാറ്റ് വില്ലനാകും, പുറത്തിറങ്ങുമ്പോൾ ജാഗ്രത! കേരളത്തിൽ ഇന്നു മുതൽ അതിശക്തമായ കാറ്റിന് മുന്നറിയിപ്പ്"
english_title: "Strong Winds Alert Issued for Kerala Until August 8; Disaster Management Authority Issues Guidelines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376858/kerala-strong-winds-alert-august-disaster-management-"
published_at: "2026-08-05T16:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a731dcfc0ac3_kerala-strong-winds-alert-august-disaster-management.jpg"
keywords: ["Kerala Weather", "Strong Winds Alert", "Kerala Rain Update", "Kerala Rain"]
---

#  കാറ്റ് വില്ലനാകും, പുറത്തിറങ്ങുമ്പോൾ ജാഗ്രത! കേരളത്തിൽ ഇന്നു മുതൽ അതിശക്തമായ കാറ്റിന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

കൂടാതെ, അപകടകരമായ രീതിയിലുള്ള മരച്ചില്ലകൾ വെട്ടിയൊതുക്കേണ്ടതാണ്. വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തരുത്. അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന കൺട്രോൾ റൂമിലോ വിവരമറിയിക്കണം. പത്രം, പാൽ വിതരണക്കാരും നിർമാണ തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചിട്ടുണ്ട്. AtmosphericScience

നിലവിൽ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു.

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച (06-08-2026) 7 ജില്ലകളിലും വെള്ളിയാഴ്ച (07-08-2026) 5 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376858/kerala-strong-winds-alert-august-disaster-management-)