---
title: "കാഞ്ഞങ്ങാട് കാണാതായ വയോധികയെ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "74-Year-Old Woman Found Dead Near River in Kanhangad, Hosdurg Police Investigate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376842/kanhangad-madiyan-elderly-woman-found-dead-river-bank-janaki"
published_at: "2026-08-05T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730fd528dab_kanhangad-madiyan-elderly-woman-found-dead-river-bank-janaki.jpg"
keywords: ["Missing Woman Death", "Death News", "Kasaragod News", "Found Dead"]
---

# കാഞ്ഞങ്ങാട് കാണാതായ വയോധികയെ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ വയോധികയെ ഒരു ദിവസത്തെ തിരച്ചിലിനൊടുവിൽ സമീപത്തെ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് മഡിയനിലെ താത്രോടൻ ടി. കൃഷ്ണന്റെ ഭാര്യ ജാനകി യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അജാനൂർ അള്ളങ്കോട്ട് പാലത്തിന് സമീപത്തെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്.

## Article Content

കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ വയോധികയെ ഒരു ദിവസത്തെ തിരച്ചിലിനൊടുവിൽ സമീപത്തെ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് മഡിയനിലെ താത്രോടൻ ടി. കൃഷ്ണന്റെ ഭാര്യ ജാനകി യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അജാനൂർ അള്ളങ്കോട്ട് പാലത്തിന് സമീപത്തെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ജാനകിയെ പിന്നീട് കാണാതാകുകയായിരുന്നു. പതിവുപോലെ വൈകുന്നേരം ആയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പരിസരത്തും ബന്ധുവീടുകളിലും അന്വേഷണം നടത്തി.

കണ്ടെത്താനാകാതെ വന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ 8 മണിയോടെ അള്ളങ്കോട്ട് പാലത്തിന് സമീപം പുഴക്കരയിൽ ഒരാളുടെ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹോസ്ദുർഗ് പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കരയ്ക്ക് കൊണ്ടുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ചൊവ്വാഴ്ച മുതൽ കാണാതായ ജാനകിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വയോധികയുടെ ശരീരത്തിൽ പുറമെ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നാണ് പ്രാഥമിക വിവരം. എന്നിരുന്നാലും വീണാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ജാനകിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച രാവിലെ ആരോടും ഒന്നും പറയാതെയാണ് അവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.  പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376842/kanhangad-madiyan-elderly-woman-found-dead-river-bank-janaki)