---
title: "ഹോട്ടലിൽ പോയി കാശ് കളയണ്ട; അസ്സൽ 'ചെമ്മീൻ നിർവാണ' മിനിറ്റുകൾക്കുള്ളിൽ കിച്ചണിൽ റെഡി"
english_title: "Chemmeen Niravana Recipe Coconut Milk Prawn Curry Kerala Style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376817/chemmeen-niravana-recipe-coconut-milk-prawn-curry"
published_at: "2026-08-05T14:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7302ddcc3ce_chemmeen-niravana-recipe-coconut-milk-prawn-curry.jpg"
keywords: ["Chemmeen Niravana", "Prawn Curry", "Kerala Recipe", "Coconut Milk", "Seafood", "Appam Side Dish"]
---

# ഹോട്ടലിൽ പോയി കാശ് കളയണ്ട; അസ്സൽ 'ചെമ്മീൻ നിർവാണ' മിനിറ്റുകൾക്കുള്ളിൽ കിച്ചണിൽ റെഡി

> **Lead Summary:** **[**കടൽവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും മടുക്കാതെ കഴിക്കാൻ പറ്റിയ വിഭവമാണ് ചെമ്മീൻ നിർവാണ. കട്ടിത്തേങ്ങാപ്പാലിൽ മൊരിഞ്ഞ ചെമ്മീൻ കിടന്നു തിളയ്ക്കുമ്പോഴുള്ള ആ മണം തന്നെ വിശപ്പു കൂട്ടും. അപ്പത്തിനും പൊറോട്ടയ്ക്കും ഒപ്പം വിളമ്പാൻ പറ്റിയ ഈ സ്വാദിഷ്ടമായ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

## Article Content

**[**കടൽവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും മടുക്കാതെ കഴിക്കാൻ പറ്റിയ വിഭവമാണ് ചെമ്മീൻ നിർവാണ. കട്ടിത്തേങ്ങാപ്പാലിൽ മൊരിഞ്ഞ ചെമ്മീൻ കിടന്നു തിളയ്ക്കുമ്പോഴുള്ള ആ മണം തന്നെ വിശപ്പു കൂട്ടും. അപ്പത്തിനും പൊറോട്ടയ്ക്കും ഒപ്പം വിളമ്പാൻ പറ്റിയ ഈ സ്വാദിഷ്ടമായ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

**ആവശ്യമായ ചേരുവകൾ**

**ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ:**

ചെമ്മീൻ (വലുത്) – 250 ഗ്രാം (വൃത്തിയാക്കിയത്)

കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1/2 ടീസ്പൂൺ

നാരങ്ങാനീര് – 1 ടീസ്പൂൺ

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

**ഗ്രേവിക്ക് ആവശ്യമായവ:**

കട്ടിത്തേങ്ങാപ്പാൽ – 1 കപ്പ്

ഇഞ്ചി (പൊടിയായി അരിഞ്ഞത്) – 1 ടീസ്പൂൺ

പച്ചമുളക് – 3-4 എണ്ണം (നീളത്തിൽ കീറിയത്)

കുരുമുളകുപൊടി – 1/2 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

വാഴയില – 1 കഷ്ണം (വാട്ടിയത്)

**തയ്യാറാക്കുന്ന വിധം**

 വൃത്തിയാക്കിവെച്ച ചെമ്മീനിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് 15-20 മിനിറ്റ് മാറ്റിവെക്കുക.

 ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് മസാല പുരട്ടിയ ചെമ്മീൻ ഇടത്തരം തീയിൽ ഇട്ട് പകുതി വേവിൽ (ഹാഫ് ഫ്രൈ) വറുത്തെടുക്കുക. ചെമ്മീൻ അധികം വെന്തുമുറുകരുത്.

ഫ്രൈയിംഗ് പാനിൽ വാട്ടിയ വാഴയില വെച്ച് കൊടുക്കുക. വാഴയിലയിലേക്ക് അല്പം വെളിച്ചെണ്ണയോ ഫ്രൈ ചെയ്ത എണ്ണയോ തടവി കൊടുക്കുക. ഇതിലേക്ക് പകുതി വറുത്തു വെച്ച ചെമ്മീൻ നിരത്തി വെക്കുക. മുകളിലായി അരിഞ്ഞു വെച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില, അല്പം കുരുമുളകുപൊടി എന്നിവ വിതറുക.

ഇനി ഇതിലേക്ക് ഘട്ടം ഘട്ടമായി കട്ടിത്തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക.  ചെറിയ തീയിൽ വെച്ച് തേങ്ങാപ്പാൽ ചെറുതായി വറ്റി, ചെമ്മീനിലേക്ക് മസാലയും തേങ്ങാപ്പാലും പിടിക്കുന്നത് വരെ തിളപ്പിക്കുക (ഏകദേശം 5-7 മിനിറ്റ്).

തേങ്ങാപ്പാൽ കുറുകി, എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങാം. ചൂടോടെ അപ്പത്തിന്റെയോ പൊറോട്ടയുടെയോ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ ചെമ്മീൻ നിർവാണ തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376817/chemmeen-niravana-recipe-coconut-milk-prawn-curry)