---
title: "'ഞാൻ എണ്ണിക്കോളാം' എന്ന് പറഞ്ഞ് എങ്ങോട്ടാണ് മുങ്ങിയത്? കടയുടമയുടെ പേരിൽ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തു"
english_title: "Kochi Fraud: Man Poses as Shop Owner on Call, Dupes Salesgirl of Rs 6000 in Vytilla"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376808/kochi-vytilla-fraud-salesgirl-rs6000-fake-phone-call"
published_at: "2026-08-05T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fd112080f_kochi-vytilla-fraud-salesgirl-rs6000-fake-phone-call.jpg"
keywords: ["Vytilla Fraud", "Shop Fraud Kerala", "Fake Phone Call Scam", "Kadavanthra Police"]
---

# 'ഞാൻ എണ്ണിക്കോളാം' എന്ന് പറഞ്ഞ് എങ്ങോട്ടാണ് മുങ്ങിയത്? കടയുടമയുടെ പേരിൽ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തു

> **Lead Summary:** **കൊച്ചി: **കടയുടമ പറഞ്ഞയച്ചതാണെന്ന് വ്യാജേന പറഞ്ഞ് സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മാന്യമായ വേഷവും മാസ്കും ധരിച്ചെത്തിയ മധ്യവയസ്കനാണ് തട്ടിപ്പിന് പിന്നിൽ.

## Article Content

**കൊച്ചി: **കടയുടമ പറഞ്ഞയച്ചതാണെന്ന് വ്യാജേന പറഞ്ഞ് സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മാന്യമായ വേഷവും മാസ്കും ധരിച്ചെത്തിയ മധ്യവയസ്കനാണ് തട്ടിപ്പിന് പിന്നിൽ.

> സംഭവത്തിന് അര മണിക്കൂർ മുൻപ് കടയുടമസ്ഥനായ റിജാസ് കരീം അവിടെയുണ്ടോ എന്ന് ഇയാൾ അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചുകൊണ്ട് കടയ്ക്കുള്ളിലെത്തിയ ഇയാൾ, കടയുടമയാണ് ഫോണിൽ, ഡോക്യുമെന്റും കൗണ്ടറിലെ കാശും എനിക്ക് തരാൻ പറഞ്ഞു" എന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ചു.  

ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമായ പുതിയ ജീവനക്കാരി ഇത് യാതൊരു സംശയവുമില്ലാതെ പണം എടുത്തു നൽകുകയായിരുന്നു. പണം എണ്ണാൻ തുടങ്ങിയപ്പോൾ എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം എന്ന് പറഞ്ഞ് പണം വാങ്ങി ഇയാൾ അതിവേഗം കടയിൽ നിന്നിറങ്ങി രക്ഷപ്പെടുകയും ചെയ്തു.

പണം നൽകിയ ഉടൻ തന്നെ ജീവനക്കാരി കടയുടമ റിജാസിനെ വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്. ഉടൻ തന്നെ കടവന്ത്ര പൊലീസിൽ പരാതി നൽകി. റിജാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്താൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കൊച്ചിയിൽ മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുള്ളയാളാണ് പ്രതിയെന്നും, ഇയാൾ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വഴിച്ചേരിയിലുള്ള ഒരു സ്ഥാപനത്തിൽ സമാനമായ രീതിയിൽ മറ്റൊരാളെ ഫോൺ ചെയ്യിപ്പിച്ച് ജീവനക്കാരിയിൽ നിന്നും 7,500 രൂപ തട്ടിയെടുത്തിരുന്നു. വൈറ്റിലയിൽ തട്ടിപ്പ് നടത്തിയതും ഇയാൾ തന്നെയാണ് എന്നാണ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376808/kochi-vytilla-fraud-salesgirl-rs6000-fake-phone-call)