---
title: "ജന്തർ മന്തറിൽ ആക്രമണ പദ്ധതി: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒൻപത് പേര്‍ അറസ്റ്റില്‍"
english_title: "Punjab Police Bust 2 ISI-Backed Terror Modules, Foil Jantar Mantar Attack Plot; 9 Detained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376804/punjab-police-bust-isi-terror-modules-jantar-mantar-plot"
published_at: "2026-08-05T14:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fa9634c80_punjab-police-bust-isi-terror-modules-jantar-mantar-plot.jpg"
keywords: ["ISI Terrorism", "Punjab Police", "Jantar Mantar"]
---

# ജന്തർ മന്തറിൽ ആക്രമണ പദ്ധതി: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒൻപത് പേര്‍ അറസ്റ്റില്‍

> **Lead Summary:** അമൃതസർ: തലസ്ഥാനത്തെ ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐ പിന്തുണയുള്ള രണ്ട് അതിർത്തി കടന്നുള്ള ഭീകര സംഘങ്ങളെ പഞ്ചാബ് പോലീസ് തകർത്തു. നാല് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 9 പേർ പോലീസ് കസ്റ്റഡിയിലാണ്.

## Article Content

അമൃതസർ: തലസ്ഥാനത്തെ ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐ പിന്തുണയുള്ള രണ്ട് അതിർത്തി കടന്നുള്ള ഭീകര സംഘങ്ങളെ പഞ്ചാബ് പോലീസ് തകർത്തു. നാല് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 9 പേർ പോലീസ് കസ്റ്റഡിയിലാണ്.

ഒരാൾ ഒഴികെ ബാക്കിയുള്ളവർക്ക് 25 വയസിൽ താഴെയാണ് പ്രായം. പ്രതികളിൽ നിന്ന് 3 തോക്കുകൾ, 4 പെട്രോൾ ബോംബുകൾ, 9 വെടിയുണ്ടകൾ എന്നിവയും കണ്ടെടുത്തു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘം ആക്രമണത്തിനായി സംസ്ഥാനത്തെ യുവാക്കളെയും കുട്ടികളെയും ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

രാജാസാൺസി മേഖലയിൽ നിന്നാണ് ആദ്യ മൊഡ്യൂളിനെ പോലീസ് വലയിലാക്കിയത്. പ്രധാന പ്രതിയായ സുഖ്മൻ സിങ്ങും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഡൽഹി ജന്തർ മന്തറിൽ ആക്രമണം നടത്താൻ ഇവർ ആലോചിച്ചിരുന്നതായാണ് പോലീസ് വിശദീകരണം.

ജന്തർ മന്തർ പ്രക്ഷോഭകരെ ആക്രമിക്കാൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐ ഹാൻഡ്‌ലറുമായി സമ്പർക്കത്തിലായിരുന്നുവെന്ന് സുഖ്മൻ മൊഴി നൽകിയതായി പോലീസ് പറയുന്നു. ആക്രമണത്തിനായി ഡൽഹിയിലെത്തിയെങ്കിലും കനത്ത സുരക്ഷ കാരണം പദ്ധതി നടപ്പിലാക്കാനാകാതെ പഞ്ചാബിലേക്ക് മടങ്ങുകയായിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ഇവർക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചുനൽകാൻ ധാരണയുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാങ്സ്റ്ററും ഭീകരനുമായ ഷെഹ്സാദ് ഭട്ടിയാണ് ആദ്യ മൊഡ്യൂളിന് പിന്നിലെന്ന് സംശയിക്കുന്നു.

പിടിക്കപ്പെട്ടവർ ഭട്ടിയുടെ കൂട്ടാളികളുമായി വാട്സ്ആപ്പ് നമ്പറുകൾ വഴി ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്.

നേരത്തെ വിദ്യാർഥി പ്രക്ഷോഭത്തിൽ ഭീകര സാന്നിധ്യം ആരോപിച്ച് ഡൽഹി പോലീസ് നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും ഭീകരതയുമായി കൂട്ടിയിണക്കുന്ന കുതന്ത്രങ്ങൾ വിദ്യാർഥികൾ തന്നെ തള്ളിക്കളയുകയും നീതിപീഠം ഇടപെട്ടതോടെ അതിന് കടിഞ്ഞാണിടുകയും ചെയ്തിരുന്നു.

ഇപ്പോൾ ജന്തർ മന്തർ പ്രക്ഷോഭത്തിൽ ഭീകര ആക്രമണ സാധ്യതയുണ്ടായിരുന്നു എന്ന പോലീസ് വാദത്തിന് പിന്തുണയായാണ് പുതിയ കേസ് അവതരിപ്പിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376804/punjab-police-bust-isi-terror-modules-jantar-mantar-plot)