---
title: "വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം;  അപകടം പോസ്റ്റിൽ  ട്രക്കിടിച്ച് "
english_title: "14-Year-Old Girl Dies in Hardoi After Electric Pole Falls on Her, UP Police Orders Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376803/uttar-pradesh-hardoi-electric-pole-falls-girl-dies-accident"
published_at: "2026-08-05T14:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f928560f1_uttar-pradesh-hardoi-electric-pole-falls-girl-dies-accident.jpg"
keywords: ["Student Death", "Road Accident", "Electric Pole Fall", "UP News"]
---

# വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം;  അപകടം പോസ്റ്റിൽ  ട്രക്കിടിച്ച് 

> **Lead Summary:** ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14കാരിക്ക് ദാരുണാന്ത്യം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രാഗിണിയാണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്.

## Article Content

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14കാരിക്ക് ദാരുണാന്ത്യം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രാഗിണിയാണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്.

വീട്ടുസാധനങ്ങൾ വാങ്ങാനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു രാഗിണി. ഈ സമയത്ത് റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് പെട്ടെന്ന് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ രാഗിണി മരിച്ചു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ട്രക്കിടിച്ചാണ് പോസ്റ്റ് മറിഞ്ഞതെന്ന് വ്യക്തമാണ്.

സമീപത്തെ പലചരക്ക് കടയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ റിവേഴ്സ് എടുക്കുകയായിരുന്ന ട്രക്ക് മുകളിലൂടെയുള്ള വൈദ്യുതി ലൈനിൽ കുടുങ്ങി. തുടർന്ന് ട്രക്ക് മുന്നോട്ടെടുത്തപ്പോൾ റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ പോസ്റ്റ് നടന്നുപോകുകയായിരുന്ന രാഗിണിയുടെ ദേഹത്തേക്കാണ് വീണത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അപകടത്തിൽ ഉത്തർപ്രദേശ് പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ട്രക്ക് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡരികിലെ വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376803/uttar-pradesh-hardoi-electric-pole-falls-girl-dies-accident)