---
title: "അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ: കെസിഎൽ മൂന്നാം സീസണ് മുന്നോടിയായി നിർണായക നിയമനം"
english_title: "Abhishek Mohan Appointed Head Coach of Trivandrum Royals for KCL Season 3"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376796/abhishek-mohan-trivandrum-royals-head-coach-kcl-season-3"
published_at: "2026-08-05T14:02:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f56fd246e_abhishek-mohan-trivandrum-royals-head-coach-kcl-season-3.jpg"
keywords: ["Abhishek Mohan", "Trivandrum Royals", "KCL", "Kerala Cricket League", "Head Coach"]
---

# അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ: കെസിഎൽ മൂന്നാം സീസണ് മുന്നോടിയായി നിർണായക നിയമനം

> **Lead Summary:** തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ് മുന്നോടിയായി ട്രിവാൻഡ്രം റോയൽസ് നിർണായക നിയമനം. മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്. എല്ലിനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.

## Article Content

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ് മുന്നോടിയായി ട്രിവാൻഡ്രം റോയൽസ് നിർണായക നിയമനം. മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്. എല്ലിനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.

കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച പരിചയസമ്പത്താണ് അഭിഷേകിനെ ടീമിലെത്തിക്കാൻ പ്രധാന കാരണം. കളിക്കളത്തിലെ അനുഭവവും പരിശീലന രംഗത്തെ മികവും ട്രിവാൻഡ്രം റോയൽസിന് കരുത്താകുമെന്നാണ് ഫ്രാഞ്ചൈസിയുടെ പ്രതീക്ഷ.

2014-15 അണ്ടർ-23 സീസണിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടം അഭിഷേകിന്റെ പേരിലുണ്ട്. അണ്ടർ-19 വിഭാഗത്തിൽ രണ്ട് തവണ ദക്ഷിണ മേഖലയെ പ്രതിനിധീകരിച്ച അദ്ദേഹം ഇന്ത്യ അണ്ടർ-23 ദേശീയ ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ഫാസ്റ്റ് ബൗളർക്കുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള അഭിഷേക് നിലവിൽ കെസിഎ അണ്ടർ-16 ആൺകുട്ടികളുടെ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിക്കുന്നു.

ക്രിക്കറ്റിനൊപ്പം ജോലിയിലും സജീവമാണ് അഭിഷേക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സീനിയർ അസോസിയേറ്റായ അദ്ദേഹം എസ്.ബി.ഐ ക്രിക്കറ്റ് ടീം അംഗം കൂടിയാണ്.

ടീം ഒരുക്കങ്ങൾ പൂർത്തിയായി

ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. ഇത്തവണത്തെ ലേലത്തിൽ അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണമായി വിനിയോഗിച്ചാണ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ 16 അംഗ കരുത്തുറ്റ ടീമിനെയാണ് ഫ്രാഞ്ചൈസി അണിനിരത്തിയിരിക്കുന്നത്.

അഭിഷേകിന്റെ നേതൃത്വത്തിൽ യുവതാരങ്ങൾക്ക് മികച്ച അവസരം ലഭിക്കുമെന്നും കെസിഎൽ കിരീടം ലക്ഷ്യമിടുന്നുവെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376796/abhishek-mohan-trivandrum-royals-head-coach-kcl-season-3)