---
title: "നിയമം എല്ലാവർക്കും ഒന്നല്ലേ? 'വിലക്കിയില്ല, ചിരിയോടെ ഏറ്റുവാങ്ങി'; പുനലൂർ താലൂക്ക് ആശുപത്രിക്കകത്ത് കൊടികളും മുദ്രാവാക്യങ്ങളുമായി കെ. മുരളീധരന് സ്വീകരണം"
english_title: "Controversy as Minister K Muraleedharan Welcomed Inside Punalur Hospital with Flags"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376794/punalur-hospital-k-muraleedharan-welcome-controversy-"
published_at: "2026-08-05T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f6e4c9f17_punalur-hospital-k-muraleedharan-welcome-controversy.jpg"
keywords: ["Punalur Hospital", "K Muraleedharan", "Kerala Health Minister", "DYFI"]
---

# നിയമം എല്ലാവർക്കും ഒന്നല്ലേ? 'വിലക്കിയില്ല, ചിരിയോടെ ഏറ്റുവാങ്ങി'; പുനലൂർ താലൂക്ക് ആശുപത്രിക്കകത്ത് കൊടികളും മുദ്രാവാക്യങ്ങളുമായി കെ. മുരളീധരന് സ്വീകരണം

> **Lead Summary:** **പുനലൂർ: ** കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിക്കകത്ത് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് കൊടികളും മുദ്രാവാക്യങ്ങളുമായി സ്വീകരണം നൽകിയ സംഭവം വിവാദമായി. ഇന്നലെ രാത്രിയാണ് സംഭവം. കോൺഗ്രസ് അനുഭാവമുള്ള ഒരു എൻ.ജി.ഒ സംഘടന ഷാൾ അണിയിച്ചും കൊടികൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് മന്ത്രിയെ സ്വീകരിച്ചത്.

## Article Content

**പുനലൂർ: ** കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിക്കകത്ത് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് കൊടികളും മുദ്രാവാക്യങ്ങളുമായി സ്വീകരണം നൽകിയ സംഭവം വിവാദമായി. ഇന്നലെ രാത്രിയാണ് സംഭവം. കോൺഗ്രസ് അനുഭാവമുള്ള ഒരു എൻ.ജി.ഒ സംഘടന ഷാൾ അണിയിച്ചും കൊടികൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് മന്ത്രിയെ സ്വീകരിച്ചത്.

വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിൽ രോഗികൾ ഉള്ള സമയത്തായിരുന്നു സ്വീകരണം. നഴ്സുമാരും രോഗികളും അടുത്തുണ്ടായിരുന്നിട്ടും മന്ത്രി സ്വീകരണം വിലക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പകരം ചിരിയോടെ അത് ഏറ്റുവാങ്ങുകയായിരുന്നു. ആശുപത്രി പരിസരത്ത് രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന നിലപാട് സ്വീകരിച്ച മന്ത്രി തന്നെ ഇത്തരത്തിൽ സ്വീകരണം ഏറ്റുവാങ്ങിയതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

> നേരത്തെ ഡി.വൈ.എഫ്.ഐ ആശുപത്രി വളപ്പിൽ നൽകുന്ന പൊതിച്ചോർ വിതരണത്തിനെതിരെ "രാഷ്ട്രീയ പാർട്ടിയുടെ കൊടി പിടിച്ച് ഭക്ഷണം നൽകേണ്ടതില്ല" എന്ന് ചൂണ്ടിക്കാട്ടി മന്ത്രി രംഗത്ത് വന്നിരുന്നു. ആ നിലപാടിന് വിരുദ്ധമാണ് ഇന്നലത്തെ സ്വീകരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

അതേസമയം ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിലാകും ഇതിന്റെ പ്രവർത്തനം തുടങ്ങുക. ഒരു വർഷമെങ്കിലും ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കുമെന്നും, എന്നാൽ ഇതിന്റെ അർത്ഥം ആരും പൊതിച്ചോറ് നൽകേണ്ട എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന മന്ത്രിയുടെ മുൻ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐക്കെതിരെ തുറന്നടിച്ച മന്ത്രി, ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം സർക്കാരിനും മന്ത്രിക്കുമാണെന്നും ഡിവൈഎഫ്‌ഐക്കല്ലെന്നും ആറന്മുളയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376794/punalur-hospital-k-muraleedharan-welcome-controversy-)